''ഗോളടിച്ചത്'' യേശുദാസ്; കപ്പ് നേടിയത് വിജയന്‍, രവി മേനോന്‍ എഴുതുന്നു...
FB Notification
''ഗോളടിച്ചത്'' യേശുദാസ്; കപ്പ് നേടിയത് വിജയന്‍, രവി മേനോന്‍ എഴുതുന്നു...
രവി മേനോന്‍
Wednesday, 24th April 2019, 7:01 pm

രണ്ടു ഗന്ധര്‍വ്വന്മാര്‍. ഒരാള്‍ സാക്ഷാല്‍ ഗാനഗന്ധര്‍വന്‍. മറ്റെയാള്‍ കളിക്കളത്തിലെ ഗന്ധര്‍വ്വന്‍. ശൂന്യതയില്‍ നിന്ന് ഗോളുകള്‍ മിനഞ്ഞെടുക്കുന്ന ഐന്ദ്രജാലികന്‍. ഇരുവരും തമ്മിലുള്ള അപൂര്‍വ സമാഗമത്തിന് നിമിത്തമാകാന്‍ — സാക്ഷിയാകാനും — കഴിഞ്ഞത് കളിയെഴുത്തു കാലത്തെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്ന്.

രണ്ടായിരാമാണ്ടിലെ കഥ. സ്വന്തമായൊരു ഫുട്ബാള്‍ പരിശീലന സ്ഥാപനത്തിന് തുടക്കമിടുകയാണ് ഐ എം വിജയന്‍. താരങ്ങള്‍ അണിനിരക്കുന്ന സിലബ്രിറ്റി ഫുട്ബാള്‍ മത്സരത്തോടെയാണ് ഫൗണ്ടേഷന്റെ ഉദ്ഘാടനം. മോഹന്‍ ലാലും മമ്മുട്ടിയും മുകേഷും ശ്രീനിവാസനും ഉള്‍പ്പെടെയുള്ളവരെല്ലാം മത്സരത്തില്‍ പങ്കെടുക്കാമെന്ന് ഉറപ്പു നല്‍കിക്കഴിഞ്ഞു. എന്നിട്ടും ഒരു മോഹം വിജയന് ബാക്കി: യേശുദാസിനേയും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിക്കണം. ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്ന ശബ്ദമാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തുണയും തണലുമായിരുന്ന ശബ്ദം. താരങ്ങള്‍ വരും പോകും, പക്ഷേ യേശുദാസ് എന്ന പ്രതിഭാസം ഒന്നല്ലേ ഉള്ളൂ….കുട്ടിക്കാലത്ത് ദാസേട്ടന്റെ ഗാനമേള കേള്‍ക്കാന്‍ പോയിട്ടുണ്ട് വിജയന്‍. പൂരത്തിനുള്ള ആളുണ്ടാകും മൈതാനത്ത്. ശബ്ദം മാത്രമേ കേള്‍ക്കൂ. ആളെ ദൂരെ ഒരു പൊട്ടു പോലെ കാണാന്‍ കഴിഞ്ഞെങ്കില്‍ ഭാഗ്യം. അന്നേയുണ്ട് ദാസേട്ടനെ ഒന്ന് അടുത്തുനിന്ന് കാണണം, പരിചയപ്പെടണം എന്ന മോഹം…

കോഴിക്കോട്ടെ താജ് ഹോട്ടലില്‍ യേശുദാസ് വന്ന് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിജയനോട് പറഞ്ഞു: “എന്നാല്‍ പിന്നെ നേരെയങ്ങു പോയി ക്ഷണിച്ചൂടെ? ഇതിലും നല്ലൊരു അവസരം കിട്ടാനുണ്ടോ? നീ നേരിട്ട് പറഞ്ഞാല്‍ അദ്ദേഹം വരും..” വിജയന്‍ ചിരിച്ചു — എന്നോട് വേണോ ഈ അടവ് എന്ന മട്ടില്‍. “അത് പോട്ടെ രവിയേട്ടാ. ശരിയാവൂല. ദാസേട്ടന്‍ ന്ന് പറഞ്ഞാ ആരാ? പുലിയെന്ന് പറഞ്ഞാല്‍ പോരാ, പുപ്പുല്യാ. മൂപ്പരുടെ മുന്‍പില്‍ ചെന്നു നിക്കാന്‍ വയ്യ ഇനിക്ക്. മേലാകെ വിറയ്ക്കും. അത്രയും ബഹുമാനാണ് അങ്ങേരോട്. മിണ്ടാന്‍ പോലും പറ്റൂല. മാത്രല്ല, മൂപ്പര്‍ക്ക് ന്നെ അറിയണം ന്നും ഇല്യല്ലോ. ഇരുപത്തിനാല് മണിക്കൂറും പാട്ടില്‍ മുങ്ങിനിക്കണ ആളല്ലേ? ആളറിയാതെ ഗെറ്റൗട്ട് അടിച്ചാലോ? വലിയ ദേഷ്യക്കാരനാ ന്നാ കേട്ടിരിക്കണേ. മൂപ്പരെ ശല്യപ്പെടുത്താന്‍ ഇനിക്ക് ഇഷ്ടല്ല.” ഒരു നിമിഷം നിര്‍ത്തി വിജയന്‍ പറഞ്ഞു: “രവിയേട്ടന്‍ തന്നെ പോയി ക്ഷണിച്ചാ മതി; നിക്ക് വേണ്ടി.”

കളിക്കളത്തില്‍ എതിരാളികളെ പിച്ചിച്ചീന്തുന്ന കണ്ണില്‍ ചോരയില്ലാത്ത ആ “പടക്കുതിര” തന്നെയോ ഈ പാവം വിജയന്‍ എന്ന് അത്ഭുതപ്പെട്ടുപോയ നിമിഷം. “നിനക്ക് നിന്റെ വില അറിയില്ലല്ലോ മോനേ” എന്ന് പറയാനാണ് തോന്നിയത്. പക്ഷേ പറഞ്ഞത് ഇത്ര മാത്രം: “എന്തിനാ നീ പേടിക്കണേ? പോയാ ഒരു വാക്ക്. കിട്ടിയാലോ? മൂപ്പര് വന്നാല്‍ അതൊരു സംഭവല്ലേ? ഇനി ഗെറ്റൗട്ട് അടിച്ചാലും എന്തിന് വെഷമിക്കണം? മ്മടെ ദാസേട്ടനല്ലേ? വാ..നമുക്കൊരുമിച്ച് പോയിനോക്കാം..” എന്നിട്ടും വീഴുന്നില്ല വിജയന്‍. ഒഴിഞ്ഞു മാറാനാണ് ശ്രമം. “അത് ശരിയാവില്ല” എന്ന ഒരൊറ്റ മറുപടി മാത്രം. നിരന്തരമായ സമ്മര്‍ദത്തിനൊടുവില്‍ വിജയന്‍ വഴങ്ങുന്നു; ഒരൊറ്റ ഉപാധിയില്‍: “ശരി. വരാം. പക്ഷേ ഞാന്‍ പിന്നില് നിക്ക്വേള്ളു ട്ടാ. നിങ്ങള് സംസാരിച്ചാ മതി..”

താജിലെ ദാസേട്ടന്റെ സ്യൂറ്റില്‍ ചെന്നപ്പോള്‍ മുന്നിലെ മുറിയില്‍ ആരുമില്ല. പാതി തുറന്ന വാതിലിനപ്പുറത്ത് ബെഡ് റൂം കാണാം. ഭാര്യയോട് എന്തോ സംസാരിച്ചുകൊണ്ട് കിടക്കയില്‍ ചാരിയിരിക്കുകയാണ് ഗാനഗന്ധര്‍വന്‍. വാതില്‍പ്പൊളിയില്‍ ചെറുതായി ഒന്ന് മുട്ടിയപ്പോള്‍ ഞെട്ടി തലയുയര്‍ത്തി നോക്കി അദ്ദേഹം. ചിരിച്ചുകൊണ്ട് കൈ ഉയര്‍ത്തിക്കാട്ടി. . എനിക്ക് പിന്നില്‍ നിന്നയാളെ അപ്പോഴാണ് ദാസേട്ടന്‍ ശ്രദ്ധിച്ചത്. പൊടുന്നനെ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു അദ്ദേഹം. എന്നിട്ട് അത്ഭുതത്തോടെ പറഞ്ഞു : “ഹായ് ഇതാരപ്പാ. ഇയാളെ എവിടുന്നു കിട്ടി?” വിടര്‍ന്ന ചിരിയോടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നു ദാസേട്ടന്‍. പിന്നിലൊതുങ്ങി നിന്നിരുന്ന വിജയന്റെ ഹൃദയതാളം പടിപടിയായി ഉയരുന്നത് കേള്‍ക്കാമായിരുന്നു എനിക്ക്. വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ അവിശ്വസനീയതയോടെ തരിച്ചു നില്‍ക്കുന്നു ഇന്ത്യന്‍ ഫുട്ബാളിലെ സൂപ്പര്‍ സ്ട്രൈക്കര്‍.

“ദാസേട്ടാ .. ഞാന്‍ ഐ എം വിജയന്‍. ഫുട്ബാളര്‍..” — മുന്നില്‍ വന്നു നിന്ന യേശുദാസിനോട്, ഭവ്യതയോടെ കൈകള്‍ കൂപ്പി തെല്ലു വിറയാര്‍ന്ന ശബ്ദത്തില്‍ വിജയന്‍ പറഞ്ഞു. പൊടുന്നനെ ദാസേട്ടന്റെ ചിരി മാഞ്ഞു. മുഖത്ത് കൃത്രിമ ഗൗരവം വരുത്തി അദ്ദേഹം പറഞ്ഞു: “എനിക്ക് കാഴ്ച്ചക്കുറവൊന്നുമില്ല. വിജയനെ അറിയാത്ത ആരുണ്ട് ? നിന്റെ കളി ഞാന്‍ ടി വിയില്‍ കണ്ടിട്ടുണ്ട്. ധാരാളം പറഞ്ഞുകേട്ടിട്ടുമുണ്ട്. എന്നെങ്കിലും കാണണം എന്ന് വിചാരിച്ചിരുന്നു. എന്തു ചെയ്യാം. ഗ്രൗണ്ടിലെ തിരക്കിലും ബഹളത്തിലും പൊടിയിലും പോയി ഇരിക്കാന്‍ പറ്റില്ലല്ലോ ഞങ്ങള്‍ പാട്ടുകാര്‍ക്ക്. ഏതായാലും ഇപ്പൊ നീ വന്നത് നന്നായി. നേരിട്ട് കാണാനായല്ലോ..” എല്ലാം കേട്ട് അന്തം വിട്ടു നില്‍ക്കുകയാണ് വിജയന്‍. മിണ്ടാട്ടമില്ല. നിന്ന നില്‍പ്പില്‍ ഐസായ പോലെ എന്നാണ് പിന്നീട് ആ നിമിഷങ്ങളെ കുറിച്ച് വിജയന്‍ പറഞ്ഞത്.

മുറിയിലെ സോഫയില്‍ ഞങ്ങളെ നിര്‍ബന്ധിച്ചിരുത്തിയ ശേഷം ഫുട്ബാളിനെ കുറിച്ച് വാചാലനാകുന്നു യേശുദാസ്. കുട്ടിക്കാലത്ത് വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു കളിക്കളത്തിലേക്ക് ഓടിയിരുന്ന വൈകുന്നേരങ്ങളെ കുറിച്ച്, ആവേശം പകര്‍ന്ന കൊച്ചിയിലെ പഴയ കളിക്കാരെ കുറിച്ച്, ഇന്ത്യന്‍ ഫുട്ബാളിന്റെ സമകാലികാവസ്ഥയെ കുറിച്ച്… അത്ഭുതത്തോടെ ആ വാക്കുകള്‍ കേട്ടിരുന്നു ഞങ്ങള്‍. “ഫുട്ബാള്‍ അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കളിയാണ്. ടെന്നിസും. പക്ഷേ നമ്മുടെ ഉപജീവനമാര്‍ഗ്ഗം സംഗീതമായതു കൊണ്ട് കളിച്ചു വിയര്‍ത്തു നടന്നാല്‍ ശരിയാവില്ലല്ലോ. എങ്കിലും ഇന്നും ഫുട്ബാള്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കും. അതുകൊണ്ട് നിന്നെ കുറിച്ച് നന്നായറിയാം.നമ്മുടെയൊക്കെ അഭിമാനമല്ലേ…” സന്തോഷം കൊണ്ട് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു വിജയന്‍.

വന്ന കാര്യം ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ യേശുദാസ് പറഞ്ഞു: “മത്സരത്തിന് വരണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. വേണമെങ്കില്‍ കളിക്കാനും റെഡി. ഗോളും അടിക്കും. പക്ഷേ എന്റെ ഭാര്യ സമ്മതിക്കില്ലല്ലോ..”- അടുത്തിരുന്ന പ്രഭയെ നോക്കി കണ്ണിറുക്കി ചിരിച്ച് യേശുദാസ് പറഞ്ഞു. “നിങ്ങള്‍ വിഷമിക്കേണ്ട. ഞാനില്ലെങ്കിലും വിജു വരും കളിക്കാന്‍. ബാസ്‌കറ്റ്ബാളും ഫുട്ബാളും ഒക്കെയാണ് അവന്റെ ഇഷ്ട കളികള്‍.” (പറഞ്ഞപോലെ വിജയ് യേശുദാസ് മത്സരത്തില്‍ പങ്കെടുത്തു. ആവേശകരമായ ചില നീക്കങ്ങളിലൂടെ തൃശൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം ഗാലറികളുടെ കയ്യടി നേടുകയും ചെയ്തു. ) യാത്ര പറഞ്ഞു തിരിച്ചു പോരും മുന്‍പ് തലകുനിച്ച് യേശുദാസിന്റെ കാലുകളില്‍ തൊട്ടു വന്ദിച്ചു വിജയന്‍. “ഹേയ് എന്താണിത് വിജയാ” എന്നു പറഞ്ഞുകൊണ്ട് സ്‌നേഹപൂര്‍വ്വം വിജയനെ പിടിച്ചുയര്‍ത്തി ദാസേട്ടന്‍. പിന്നെ വരാന്ത വരെ ഞങ്ങളെ അനുഗമിച്ചു; യാത്രയാക്കി.

ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു വിജയന്‍. എന്നിട്ട് പറഞ്ഞു: “രവിയേട്ടാ, വേള്‍ഡ് കപ്പ് ജയിച്ച സന്തോഷാണ് ഇപ്പൊ എന്റെ മനസ്സില്‍. എല്ലാം ഒരു സ്വപ്നം പോലെ. നമ്മള്‍ പന്ത് കളിക്കാരനായത് കൊണ്ട് കിട്ടിയ ഭാഗ്യങ്ങളല്ലേ ഇതൊക്കെ? ഇല്ലെങ്കില്‍ ആരെങ്കിലും മ്മളെ മൈന്‍ഡ് ചെയ്യ്വോ?”

മുന്‍പ് മനസ്സില്‍ പറഞ്ഞ കാര്യം അപ്പോള്‍ തെല്ലുറക്കെ പറഞ്ഞു പോയി ഞാന്‍: “വിജയാ നിനക്ക് നിന്റെ വില അറിയില്ലല്ലോ…” ഒരു നിമിഷം എന്റെ മുഖത്ത് നോക്കി നിന്ന ശേഷം വിജയന്‍ ആത്മഗതമെന്നോണം പറഞ്ഞു: “അത് നമ്മള്‍ അറിയാണ്ടിരിക്ക്യല്ലേ നല്ലത് രവിയേട്ടാ? അറിഞ്ഞാ അതിന്റെ ത്രില്ല് പോയീലെ…?”

കൂടപ്പിറപ്പിനെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന പ്രിയ വിജയന് ജന്മദിനാശംസകള്‍..

 

രവി മേനോന്‍
മാധ്യമപ്രവര്‍ത്തകന്‍, സിനിമാ സംഗീത ഗ്രന്ഥകര്‍ത്താവ്, നിരൂപകന്‍