ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരെ ശുദ്ധീകരിക്കാന്‍ തങ്ങള്‍ ശ്രീരാമനല്ല: ഉമാഭാരതി
SAFFRON POLITICS
ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരെ ശുദ്ധീകരിക്കാന്‍ തങ്ങള്‍ ശ്രീരാമനല്ല: ഉമാഭാരതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd May 2018, 4:03 pm

ലക്‌നൗ: വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് ദളിതരെ ശുദ്ധീകരിക്കാനും ധര്‍മ്മശീലരാക്കാനും തങ്ങളാരും ശ്രീരാമനല്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ദളിതര്‍ തങ്ങളുടെ വീട്ടില്‍ വന്ന് കഴിച്ചാല്‍ മാത്രമേ തങ്ങള്‍് ധര്‍മ്മശീലരാകുകയുള്ളൂവെന്നും ഉമാഭാരതി പറഞ്ഞു.

ദളിത് വീടുകളില്‍ പോയി ഭക്ഷണം കഴിക്കണമെന്ന മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് സംഘടിപ്പിച്ച ഭക്ഷണപരിപാടിയില്‍ (സമാജിക് സാംരസ്ത ഭോജ്) പങ്കെടുക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഉമാഭാരതിയുടെ പ്രസ്താവന.

Read more: മകനെ ബീഹാര്‍ ക്രിക്കറ്റ് ടീമിലെടുത്താല്‍ മാത്രം രാജിവെക്കാമെന്ന് അസോസിയേഷന്‍ സെക്രട്ടറി

ഇത്തരത്തില്‍ ദളിത് വീട്ടില്‍ സന്ദര്‍ശനത്തിന് പോയ യു.പി മന്ത്രി സുരേഷ് റാണ പുറമെ നിന്ന് ഭക്ഷണം വരുത്തിച്ച് കഴിക്കുകയായിരുന്നു. മന്ത്രി വരാന്‍ പോകുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ഫോട്ടോ എടുക്കാനുള്ള ഏര്‍പ്പാടായിരുന്നു ഇതെന്നും വീട്ടുടമസ്ഥന്‍ പ്രതികരിച്ചിരുന്നു.

ബി.ജെ.പി നേതാക്കള്‍ ദളിതരുടെ വീട്ടില്‍ പോവുന്നത് ശബരിയെ ശ്രീരാമന്‍ അനുഗ്രഹിച്ചത് പോലെയാണെന്ന് യു.പി മന്ത്രിയായ രാജേന്ദ്ര പ്രതാപ് സിങ്ങും പറഞ്ഞിരുന്നു.

യു.പിയില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ദളിത് പ്രതിരോധം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ 2019 പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദളിത് ജനസംഖ്യ 50 ശതമാനത്തിന് മുകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ പോയി പാര്‍ക്കണമെന്ന് മോദി എം.പിമാരോടും എം.എല്‍.എമാരോടും ആവശ്യപ്പെട്ടിരുന്നു.