[]ലണ്ടന്‍: വിംബിള്‍ഡണ്‍ മത്സരം തുടങ്ങിയതുമുതല്‍ വമ്പന്മാരുടെ അട്ടിമറികളാണ് കാണികള്‍ കാണുന്നത്. ആദ്യ ദിവസം റാഫേല്‍ നദാലില്‍ തുടങ്ങി ഫെഡററും മരിയ ഷറപ്പോവയും വരെ അട്ടിമറിക്കപ്പെട്ടവരില്‍ പെടും.
എന്നാല്‍ തോല്‍വികളില്‍ അവസാനിക്കുന്നതല്ല തന്റെ കരിയര്‍ എന്നാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ റോജര്‍ ഫെഡറര്‍ പറയുന്നത്. തനിക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ബാക്കിയുണ്ടെന്നും ടെന്നീസിനെ പ്രണയിക്കുന്ന താരം പറയുന്നു.[]
ഉക്രൈനിന്റെ സീഡ് ചെയ്യപ്പെടാത്ത താരം സെര്‍ജി സ്റ്റേകോവ്‌സ്‌കിയാണ് ഫെഡററെ പരാജയപ്പെടുത്തിയത്. എന്നാല്‍ പരാജയത്തില്‍ നിരാശനായി ഇരിക്കാന്‍ തനിക്ക് ആവില്ലെന്നാണ് ഫെഡറര്‍ പറയുന്നത്.
മത്സരങ്ങളില്‍ ഇത്തരം അട്ടിമറികള്‍ സാധാരണമാണ്. കുറഞ്ഞ റാങ്കിലുള്ളവര്‍ മികച്ച പ്രകടനം നടത്തും. ഫെഡറര്‍ പറയുന്നു. 116 ാം റാങ്കുകാരനായ സ്റ്റേകോവ്‌സ്‌കി 6-7(5-7), 7-6(7-5), 7-5, 7-6(7-5) എന്ന സ്‌കോറിനാണ് ഫെഡററെ പരാജയപ്പെടുത്തിയത്.
ഇനിയും ഒരു പാട് വര്‍ഷം മത്സരിക്കാന്‍ തനിക്കാകും. ഞാന്‍ എന്റെ ഭാവി പരിപാടികള്‍ പ്ലാന്‍ ചെയ്യുകയാണ്. മുപ്പത്തിയൊന്ന്കാരനായ ഫെഡറര്‍ പറയുന്നു.
കരിയര്‍ ഇതോടെ അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തന്റെ പ്രകടനത്തില്‍ ആരാധകര്‍ നിരാശരായിരിക്കുമെന്നും ഫെഡറര്‍ക്ക് നല്ല ബോധ്യമുണ്ട്. റോജര്‍ യുഗം അവസാനിച്ചെന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഫെഡററുടെ വാക്കുകള്‍.