| Friday, 26th June 2020, 11:57 am

'ഞാന്‍ ഇന്ദിരയുടെ കൊച്ചുമകള്‍, എന്നെ ഭീഷണിപ്പെടുത്തി വെറുതെ സമയം കളയേണ്ട'; യു.പി സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധിക്ക് പറയാനുള്ളത് ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: തനിക്കെതിരെ യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണെന്നും സത്യം വിളിച്ചു പറയുന്നതില്‍നിന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.

കാണ്‍പൂരിലെ ഷെല്‍റ്റര്‍ ഹോമില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ പ്രിയങ്കയ്‌ക്കെതിരെ നോട്ടീസ് അയച്ചിരുന്നു.

തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച് സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണെന്നും അവന്‍ ചെയ്യുന്നതൊന്നും തന്നെ ബാധിക്കുന്നതേയില്ല എന്നും പ്രിയങ്ക പറഞ്ഞു.

‘യു.പിയിലെ ജനങ്ങള്‍ക്കുവേണ്ടി പൊതുപ്രവര്‍ത്തനം ചെയ്യുക എന്നതാണ് എന്നില്‍ നിക്ഷിപ്തമായ കാര്യം. സത്യം വെളിച്ചെത്തുകൊണ്ടുവരിക എന്നതും അതില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക എന്നത് എന്റെ രീതിയല്ല. എന്നെ ഭീഷണിപ്പെടുത്തി യു.പി സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണ്’, പ്രിയങ്ക ട്വീറ്റ് ചെയ്തു. യു.പി കോണ്‍ഗ്രസിന്റെ പ്രത്യേക ചുമതലയുള്ള നേതാവുകൂടിയാണ് പ്രിയങ്ക.

‘നിങ്ങള്‍ക്ക് പറ്റുന്നതൊക്കെ ചെയ്‌തോളൂ. സത്യത്തെ സത്യമായി നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ് ഞാന്‍. അല്ലാതെ, പ്രതിപക്ഷ പാര്‍ട്ടിയില്‍നിന്നുള്ള ബി.ജെ.പിയുടെ ഔദ്യോഗിക വക്താവല്ല’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

മൂന്ന് ദിവസത്തിനകം ട്വിറ്റര്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബാലാവകാശ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more