ന്യൂയോര്‍ക്ക്: അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും , കറുത്ത വര്‍ഗക്കാരുടെ നേതാവുമായിരുന്ന മാല്‍കം എക്‌സിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ ചാര സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് മകള്‍ ഇല്‍യസ ഷബാസ്.
അമേരിക്കന്‍ ഏജന്‍സികളായ എഫ്.ബി.ഐ, സി.ഐ.എ, ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും, തെളിവുകള്‍ മനപൂര്‍വും മറച്ചു വെക്കുകയായിരുന്നെന്നും അവര്‍ ആരോപിച്ചു. ഏജന്‍സികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്റിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്.
കൊല ചെയ്തവരെയല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനാണ് ഞങ്ങളുടെ കുടുംബത്തിന്റെ ശ്രമം,’ ഇല്‍യസ ഷബാസ് പറഞ്ഞു.
അമേരിക്കന്‍ കറുത്ത വര്‍ഗക്കാരുടെ വിമോചന നേതാവും, നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ വക്താവുമായിരുന്ന മാല്‍കം എക്‌സ് 1965 ല്‍ തന്റെ 39ാം വയസിലാണ് അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്. പിതാവ് മരിക്കുമ്പോള്‍ മകള്‍ ഇല്‍യസക്ക് രണ്ട് വയസായിരുന്നു പ്രായം.
ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റിയുടെ പരിപാടിയില്‍ പ്രസംഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ മൂന്ന് അക്രമികള്‍ 21 തവണ വെടിയുതിര്‍ത്താണ് അദേഹത്തെ വധിക്കുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ നാല് മക്കളും ഗര്‍ഭിണിയായ ഭാര്യയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ അക്രമികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ 2021 ല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേരെ നിരപരാധിയെന്ന് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജഡ്ജി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് അബ്ദുല്‍ അസീസ്, ഖലീല്‍ ഇസ്‌ലാം എന്നിവര്‍ക്കെതിരായ തെളിവുകള്‍ വ്യാജമാണെന്നും, പൊലീസ് യഥാര്‍ത്ഥ തെളിവുകള്‍ തടഞ്ഞു വെച്ചെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കോടതി കുറ്റ വിമുക്തരാക്കിയത്.