| Monday, 3rd August 2020, 11:07 am

'കശ്മീരില്‍ സൈന്യവും ബാരിക്കേഡുകളുടെ എണ്ണവും കൂടുന്നു'; രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന പദവിക്കായി പോരാടണമെന്നും ഇല്‍തിജ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: സംസ്ഥാനം പുനഃസ്ഥാപിക്കാനായി ജമ്മു ആന്‍ഡ് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോരാടിയില്ലെങ്കില്‍ അവര്‍ക്കതിനുള്ള നിയമസാധുത നഷ്ടപ്പെടുമെന്ന് പി.ഡി.പി നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സംസ്ഥാന പദവി തിരിച്ച് പിടിക്കുന്നതിനായും, ആര്‍ട്ടിക്കിള്‍ 370നും ആര്‍ട്ടിക്കിള്‍ 35എ യ്ക്കും വേണ്ടി പോരാടിയില്ലെങ്കില്‍ ജമ്മുകശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിനുള്ള പദവി നഷ്ടമാവും,’ ഇല്‍തിജ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജമ്മു ആന്‍ഡ് കശ്മീരിലെ സ്ഥിതി കൂടുതല്‍ മോശമായെന്നും ഇല്‍തിജ വ്യക്തമാക്കി.

‘കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സൈന്യത്തിന്റെ സാന്നിധ്യവും ബാരിക്കേഡുകളുടെ എണ്ണവും വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. ജനങ്ങളുടെ ശബ്ദത്തെ അടച്ചു മൂടി. ഒരു തമാശ പറയുന്നവര്‍ക്കെതിരെ പോലും യു.എ.പി.എ ചുമത്തുന്നു,’ അവര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ എല്ലാ മുഖ്യധാരാ പാര്‍ട്ടികളും പ്രതികരിക്കണമെന്നും ഇല്‍തിജ പറഞ്ഞു.

2019 ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് പിന്നാലെ ജമ്മുകശ്മീരിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമാണ് തന്റ അമ്മയായ മെഹ്ബൂബ മുഫ്തിയെയും തടവിലാക്കിയതെന്നും എന്തുകൊണ്ടാണ് മെഹ്ബൂബയെമാത്രം ഇപ്പോഴും മോചിപ്പിക്കാത്തതെന്നും മെഹ്ബൂബ ചോദിച്ചു.

കുറേ നേതാക്കളെ ഇതിനോടകം തടവില്‍ നിന്നും മോചിപ്പിച്ചു. മെഹ്ബൂബയടക്കം കുറച്ചു പേര്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്.

മോദി അയോധ്യയില്‍ പോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇല്‍തിജ പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണിതെന്നും ഇല്‍തിജ കൂട്ടിച്ചേര്‍ത്തു.

തങ്ങളോട് ചെയ്തതെല്ലാം തെറ്റാണെങ്കിലും കേന്ദ്ര മന്ത്രി അമിത്ഷായ്ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഇല്‍തിജ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more