'ആര്‍ട്ടിക്കിള്‍ 370നെതിരെ ഒന്നും മിണ്ടരുത്'; മെഹ്ബൂബാ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയതിന്റെ കാരണം ചൂണ്ടിക്കാണിച്ച് മകള്‍ ഇല്‍തിജാ മുഫ്തി
national news
'ആര്‍ട്ടിക്കിള്‍ 370നെതിരെ ഒന്നും മിണ്ടരുത്'; മെഹ്ബൂബാ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയതിന്റെ കാരണം ചൂണ്ടിക്കാണിച്ച് മകള്‍ ഇല്‍തിജാ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2020, 9:36 pm

ന്യൂദല്‍ഹി: ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയതിന്റെ കാരണം ചൂണ്ടിക്കാണിച്ച് മകള്‍ ഇല്‍തിജാ മുഫ്തി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെ പ്രസ്താവനകളൊന്നും മേലില്‍ നടത്തരുതെന്നാവശ്യപ്പെട്ട് നിയമവിരുദ്ധമായി നല്‍കിയ ബോണ്ടില്‍ ഒപ്പുവെക്കാത്തതുമൂലമാണ് മെഹ്ബൂബ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയതെന്നാണ് ഇല്‍തിജ ട്വിറ്ററില്‍ കുറിച്ചത്.

‘ദല്‍ഹിയിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ച് സംസാരിക്കാന്‍ ബി.ജെ.പിക്ക് കഴിയും എന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ജനതയ്ക്ക് അതുമായി ബന്ധപ്പെട്ട് ഒരക്ഷരം പോലും മിണ്ടാന്‍ സാധിക്കില്ല,’ ഇല്‍തിജ ഞായറാഴ്ച ട്വീറ്റ് ചെയ്തു.

‘പ്രകോപനപരമായ പ്രസ്താവനകള്‍ അക്രമത്തിലേക്ക് നയിക്കുന്നു’ എന്നും ചേര്‍ത്താണ് മെഹ്ബൂബയ്‌ക്കെതിരെ പി.എസ്.എ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ഇല്‍തിജ പറയുന്നു.

ദല്‍ഹിയില്‍ നടന്ന വെടിവെപ്പുകള്‍ക്ക് മുമ്പ് കേന്ദ്ര മന്ത്രി രാജ്യദ്രോഹികളെ വെടിവെയ്ക്കണമെന്നു പറഞ്ഞ പോലെ അത്തരത്തില്‍ പ്രസ്താവനകളുണ്ടായിട്ടുണ്ടെങ്കില്‍ ‘ഇന്ത്യാ സര്‍ക്കാര്‍ ഇത് തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കണ’മെന്നും ഇല്‍തിജ ട്വീറ്റ് ചെയ്തു.

2016ല്‍ പി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്ന സമയത്ത് എന്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മെഹ്ബൂബയെ വാഴ്ത്തിയിരുന്നതെന്നും മെഹ്ബൂബ ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെഹ്ബൂബ മുഫ്തി വിഘടനവാദികളുമായി കൈകോര്‍ത്തതുകൊണ്ടാണ് പൊതു സുരക്ഷാ നിയമം ചുമത്തിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പി.ഡി.പി പാര്‍ട്ടിയുടെ കൊടിയുടെ നിറമായ പച്ച പ്രതിഫലിപ്പിക്കുന്നത് അതിന് തീവ്രവാദ ബന്ധത്തെയാണെന്നും പൊതു സുരക്ഷാ നിയമം ചുമത്തിയതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ സൈന്യത്തിന്റെ യൂനിഫോമിന്റെ നിറവും ബി.ജെ.പി സഖ്യകക്ഷി ജെ.ഡി.യുവിന്റെ കൊടിയുടെ നിറവും പച്ചയല്ലേ എന്ന് ഇല്‍തിജ തിരിച്ചു ചോദിക്കുന്നു.

‘1987ലെ ജമ്മു ആന്‍ഡ് കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുസ്‌ലിം ഐക്യമുന്നണിയില്‍ നിന്നും എടുത്തിട്ടുള്ളതാണ് പി.ഡി.പി പാര്‍ട്ടിയുടെ ചിഹ്നം. പിഡിപിയുടെ ചിഹ്നം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതാണ്. അപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ പോവുകയാണോ സര്‍ക്കാര്‍?,’ ഇല്‍തിജ ട്വീറ്റ് ചെയ്തു.

‘മുസ്‌ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഭീഷണിയാണെന്ന പ്രചരണങ്ങള്‍ ബി.ജെ.പി സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണോ? വിയോജിപ്പുകളും വിമര്‍ശനങ്ങളും താങ്ങാന്‍ സര്‍ക്കാരിന് സഹിഷ്ണുതയില്ല. ഈ സര്‍ക്കാരിന്റെ നയങ്ങളെയും മുന്‍ഗണനകളെയും ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹത്തിന് തുല്യമാണോ?’ ഇല്‍തിജ ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിന് ശേഷമാണ് കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളക്കെതിരേയും മെഹ്ബൂബ മുഫ്തിക്കെതിരേയും പൊതു സുരക്ഷാ നിയമം ചുമത്തിയത്. വിചാരണയില്ലാതെ രണ്ടു വര്‍ഷം വരെ തടവിലിടാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം.

കഴിഞ്ഞ ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനും തീരുമാനിച്ച സമയം മുതല്‍ ഇവര്‍ വീട്ടു തടങ്കലിലാണ്.