'ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത് മുസ്‌ലിമായതിനാലും കശ്മീരികളായതിനാലുമാണ്; 'സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനത്തെ അവര്‍ ചെറുതാക്കി കളഞ്ഞു: ഇല്‍തിജ മുഫ്തി
national news
'ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത് മുസ്‌ലിമായതിനാലും കശ്മീരികളായതിനാലുമാണ്; 'സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനത്തെ അവര്‍ ചെറുതാക്കി കളഞ്ഞു: ഇല്‍തിജ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 11:54 am

ന്യൂദല്‍ഹി: സ്വന്തമായി ഒരു ഭരണഘടനയും പ്രധാനമന്ത്രിയുമുള്ള ജമ്മുകശ്മീര്‍ എന്ന സംസ്ഥാനത്തെ പേന കൊണ്ടുള്ള വര പോലെ ചെറുതാക്കി കളഞ്ഞെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. കശ്മീരികളായതിനാലും മുസ്‌ലിങ്ങളായതിനാലുമാണ് അവര്‍ (ബി.ജെ.പി) തങ്ങളെ വേട്ടയാടുന്നതെന്ന് മെഹ്ബൂബ പറഞ്ഞതായി ഇല്‍തിജ വ്യക്തമാക്കി.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘പ്രധാനമന്ത്രിയും ഭരണഘടനയും സ്വന്തമായുള്ള ഒരു സംസ്ഥാനത്തെ പേനകൊണ്ടുള്ള ഒരു വരപോലെ ചെറുതാക്കി കളഞ്ഞില്ലേ. നിങ്ങള്‍ ഞങ്ങളെ ഒരു യൂണിയന്‍ ടെറിട്ടറിയിലേക്ക് ചുരുക്കി കളഞ്ഞു. ഇതിപ്പോള്‍ അടിസ്ഥാനപരമായി ഒരു മുന്‍സിപാലിറ്റിയാണ്.നമ്മുടെ രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ യൂണിയന്‍ ടെറിട്ടറിയാക്കി മാറ്റുന്നത്,’ ഇല്‍തിജ പറഞ്ഞു.

തീര്‍ത്തും വഞ്ചനാപരവും മനഃശാസ്ത്രപരവുമായ അജണ്ടയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ നടപ്പാക്കിയതെന്നും അവര്‍ പറഞ്ഞു.

എന്നെന്നേക്കുമായി വായമൂടിക്കെട്ടാന്‍ തയ്യാറായിരുന്നെങ്കില്‍ മെഹ്ബൂബ മുഫ്തിയെ അവര്‍ പുറത്ത് വിടുമായിരുന്നെന്നും ഇല്‍തിജ പറഞ്ഞു.

‘ഒക്ടോബറില്‍ മെഹ്ബൂബയോട് ഒരു കരാറില്‍ ഒപ്പിടാനായി ഉദ്യോഗസ്ഥന്‍ സമീപിച്ചു. അത് വായിച്ചാല്‍ നിങ്ങള്‍ ഏതോ സ്വേച്ഛാധിപതിയാണെന്ന് നിങ്ങള്‍ക്ക് തോന്നി പോകും. അക്ഷരാര്‍ത്ഥത്തില്‍ അവിടെ നടന്ന ഒരു കാര്യത്തെക്കുറിച്ചും മേലാല്‍ മിണ്ടി പോകരുതെന്നായിരുന്നു അതിലുണ്ടായിരുന്നത്. ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ആ കരാറില്‍ എടുത്ത് കളയുന്നു. ഇതൊരു കളിയാണ്. ആരാണ് ആദ്യം കണ്ണുചിമ്മിക്കളിക്കുന്നതെന്ന കളി. പക്ഷെ ഒരിക്കലും എന്റെ അമ്മ അതിന് കൂട്ടുനിക്കില്ല,’ ഇല്‍തിജ പറഞ്ഞു.

എന്തുകൊണ്ടാണ് മെഹ്ബൂബ മുഫ്തിയെ ഇപ്പോഴും മോചിപ്പിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

മമതാ ബാനര്‍ജിയല്ലാതെ ഒരു മുഖ്യമന്ത്രി പോലും മെഹ്ബൂബയെ തടവിലാക്കിയതിനെ സംബന്ധിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ദേശവിരുദ്ധരായി മുദ്രകുത്തുമെന്ന കാരണം കൊണ്ടാകാം മിണ്ടാത്തതെന്നും ഇല്‍തിജ പറഞ്ഞു.

കശ്മീരില്‍ മാത്രമല്ല, ഇന്ത്യയിലെല്ലായിടത്തും ബി.ജെ.പി പറയുന്നത് അനുസരിക്കേണ്ടതായി വരുന്ന സ്ഥിതിയാണ്. പക്ഷെ ബി.ജെ.പിക്കാര്‍ ഇത് ആവശ്യപ്പെടുന്നത് എന്റെ അമ്മയോടാണെങ്കില്‍ അടിമുടി അവര്‍ ആ പാര്‍ട്ടിയെ എതിര്‍ക്കും. ഈ സംസ്ഥാനം ഇതുവരെ ഉണ്ടാക്കിയതില്‍ ഏറ്റവും വലിയ വനിതാ നേതാവാണ് തന്റെ അമ്മയെന്നും ഇല്‍തിജ പറഞ്ഞു.

കശ്മീരിലെ പ്രതിസന്ധി മുന്‍കൂട്ടി കണ്ട സമയം മുതല്‍ ഇത് തങ്ങളെ അടിച്ചമര്‍ത്താനുള്ള പ്രവൃത്തിയാണെന്ന് മെഹ്ബൂബ പറഞ്ഞിരുന്നതായി ഇല്‍തിജ വ്യക്തമാക്കി.

‘ഞങ്ങള്‍ ഇത് പ്രതീക്ഷിക്കുന്ന സമയം മുതല്‍ അമ്മ പറയുമായിരുന്നു. ഇത് നമ്മളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ്. മുസ്‌ലിങ്ങള്‍ കൂടുതലുള്ള സംസ്ഥാനത്താണ് ഹിന്ദുത്വ അജണ്ട തള്ളിവിടുന്നത്. നമ്മള്‍ ശിക്ഷിക്കപ്പെടുന്നത് കശ്മീരികളായതുകൊണ്ടും മുസ്‌ലിങ്ങളായതുകൊണ്ടുമാണ്,’ ഇല്‍തിജ പറഞ്ഞു.

പി.ഡി.പി ബി.ജെ.പിയുമായി ഉണ്ടാക്കിയിരുന്ന സഖ്യത്തെക്കുറിച്ചും ഇല്‍തിജ പറഞ്ഞു. ആ തീരുമാനം അമ്മയും മുത്തച്ഛനും കൂടി എടുത്തതാണ്. ഞാന്‍ അതിന്റെ ഭാഗമല്ലെന്നും അവര്‍ പറഞ്ഞു.