| Saturday, 10th February 2024, 9:01 am

നേരിട്ട് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്ന കളി; അവസാന പന്തിലെ റാസ മാജിക്കില്‍ ക്യാപ്പിറ്റല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എല്‍.ടി-20യില്‍ ഡെസേര്‍ട്ട് വൈപ്പേഴ്‌സിനെതിരായ മത്സരം വിജയിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്ത് ദുബായ് ക്യാപ്പിറ്റല്‍സ്. കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ സിക്കന്ദര്‍ റാസയിലൂടെയാണ് ക്യാപ്പിറ്റല്‍സ് ജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വൈപ്പേഴ്‌സ് അലക്‌സ് ഹെയ്ല്‍സിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 37 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ആറ് സിക്‌സറും അടക്കം 66 റണ്‍സാണ് താരം നേടിയത്.

ഫില്‍ സോള്‍ട്ട് (11 പന്തില്‍ 26), മൈക്കല്‍ ജോണ്‍സ് (20 പന്തില്‍ 20) എന്നിവരാണ് വൈപ്പേഴ്‌സ് സ്‌കോറിങ്ങില്‍ നിര്‍ണായകമായ മറ്റ് താരങ്ങള്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് വൈപ്പേഴ്‌സ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് തുടക്കത്തിലേ പിഴച്ചിരുന്നു. മാക്‌സ് ഹോള്‍ഡന്‍ എട്ട് റണ്‍സിനും ബെന്‍ ഡങ്ക് ഒരു റണ്ണിനും പുറത്തായി. 16 പന്തില്‍ 15 റണ്‍സാണ് ഓപ്പണര്‍ ടോം ബ്രാന്‍ഡന് നേടാന്‍ സാധിച്ചത്.

എന്നാല്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സാം ബില്ലിങ്‌സും അഞ്ചാമനായി സിക്കന്ദര്‍ റാസയും എത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വെച്ചു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇരുവരും ക്യാപ്പിറ്റല്‍സ് നിരയില്‍ നിര്‍ണായകമായത്. ടീമിന്റെ വിജയത്തിനുള്ള അടിത്തറയൊരുങ്ങിയതും ഈ കൂട്ടുകെട്ടിലൂടെയായിരുന്നു.

ബില്ലിങ്‌സ് അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 36 പന്തില്‍ 57 റണ്‍സടിച്ചപ്പോള്‍ 45 പന്തില്‍ പുറത്താകാതെ 60 റണ്‍സാണ് റാസ നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും തന്നെയായിരുന്നു റാസയുടെ ഇന്നിങ്‌സിലും ഉണ്ടായിരുന്നത്.

ക്യാപ്പിറ്റല്‍സ് ഇന്നിങ്‌സിലെ അവസാന പന്തിലാണ് റാസ തന്റെ രണ്ടാം സിക്‌സറടിച്ചത്. ആ സിക്‌സര്‍ പിറന്നതാകട്ടെ ഒരു പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടിയിരുന്നപ്പോഴും.

19ാം ഓവര്‍ അവസാനിക്കുമ്പോള്‍ 159ന് അഞ്ച് എന്ന നിലയിലായിരുന്നു ക്യാപ്പിറ്റല്‍സ്. ബില്ലിങ്‌സും ശേഷമെത്തിയ ശ്രീലങ്കന്‍ താരം ദാസുന്‍ ഷണകയും ഇതിനോടകം പുറത്തായിരുന്നു. രണ്ട് പന്തില്‍ രണ്ട് റണ്‍സ് നേടിയ സ്‌കോട് കഗ്ലിജനായിരുന്നു റാസക്കൊപ്പം ക്രീസിലുണ്ടായിരുന്നത്.

അലി നസര്‍ എറിഞ്ഞ 20ാം ഓവറിലെ ആദ്യ പന്തില്‍ കഗ്ലിജന്‍ ബൗണ്ടറി നേടി. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് എഡ്ജ് ചെയ്ത് ബൗണ്ടറി കടക്കുകയായിരുന്നു. രണ്ടാം പന്തില്‍ റണ്‍സൊന്നും പിറന്നില്ല. മൂന്നാം പന്തില്‍ സിംഗിള്‍ നേടിയ കഗ്ലിജന്‍ സ്‌ട്രൈക്ക് സിക്കന്ദര്‍ റാസക്ക് കൈമാറി.

നാലാം പന്തില്‍ ഡബിളോടിയ റാസ സ്‌ട്രൈക്ക് നിലനിര്‍ത്തി. അഞ്ചാം പന്തിലും റണ്‍സ് പിറക്കാതെ വന്നതോടെ അവസാന പന്തില്‍ ക്യാപ്പിറ്റല്‍സിന് ജയിക്കാന്‍ ആറ് റണ്‍സ് ആവശ്യമായി വന്നു.

അവസാന പന്തില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് റാസ മിഡ് ഓപിന് മുകളിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു. കാഴ്ച കണ്ട കമന്റേറ്റര്‍മാര്‍ പോലും ആവശത്തിലായി. ഒടുവില്‍ അവസാന പന്തില്‍ ക്യാപ്പിറ്റല്‍സ് അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്. ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് ടീമിനുള്ളത്. ശനിയാഴ്ചയാണ് ക്യാപ്പിറ്റല്‍സിന്റെ അവസാന ലീഗ് മത്സരം. എം.ഐ എമിറേറ്റ്‌സാണ് എതിരാളികള്‍.

Content highlight: ILT20: Sikandar Raza leads Dubai Capitals to victory against Desert Vipers

We use cookies to give you the best possible experience. Learn more