ഐ.എല്‍ ടി-20യില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിനെ 94 റണ്‍സിന് ഓള്‍ ഔട്ടാക്കി ഷാര്‍ജ വാറിയേഴ്‌സ്. ഷെയ്ഖ് സെയ്ദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് കഴിഞ്ഞ മത്സരത്തിലെ നാണക്കേടിന് വാറിയേഴ്‌സ് തിരിച്ചടിച്ചത്.
ഫെബ്രുവരി അഞ്ചിന് നടന്ന അബുദാബി – ഷാര്‍ജ മത്സരത്തില്‍ വെറും 75 റണ്‍സിന് അബുദാബി ഷാര്‍ജയെ ഓള്‍ ഔട്ടാക്കുകയും ഏഴ് വിക്കറ്റിന് മത്സരം വിജയിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഷാര്‍ജ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ കയറും മുമ്പ് തന്നെ ഓപ്പണര്‍ ജോ ക്ലാര്‍ക്കിനെ വാറിയേഴ്‌സ് മടക്കിയിരുന്നു. ക്രിസ് വോക്‌സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.
വണ്‍ ഡൗണായെത്തിയ അല്‍ഷിന്‍ ഷറഫുവിനൊപ്പം ചേര്‍ന്ന് മൈക്കല്‍ പെപ്പര്‍ സ്‌കോര്‍ ഉയര്‍ത്തി. 61 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്തത്.
ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ഷറഫുവിനെ പുറത്താക്കി ആദില്‍ റഷീദാണ് വാറിയേഴ്‌സിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. അതേ ഓവറില്‍ തന്നെ പെപ്പറിനെയും പുറത്താക്കിയ ആദില്‍, വാറിയേഴ്‌സിനെ ഡ്രൈവിങ് സീറ്റിലിരുത്തി.
ഷറഫു 28 പന്തില്‍ 26 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 31 റണ്‍സാണ് പെപ്പര്‍ സ്വന്തമാക്കിയത്.
പിന്നീട് ക്രീസിലെത്തിയവരില്‍ ഒരാള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 61ന് ഒന്ന് എന്ന നിലയില്‍ നിന്നും 94ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് അതിവേഗമാണ് നൈറ്റ് റൈഡേഴ്‌സ് കൂപ്പുകുത്തിയത്.
നൈറ്റ് റൈഡേഴ്‌സ് നിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ നാല് പേര്‍ ഒറ്റയക്കത്തിനും മടങ്ങി.
വാറിയേഴ്‌സിനായി നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദാണ് നൈറ്റ് റൈഡേഴ്‌സിനെ തവിടുപൊടിയാക്കിയത്. നേരത്തെ നടന്ന അബുദാബി-ഷാര്‍ജ മത്സരത്തില്‍ ഇതുപോലെ നാല് വിക്കറ്റ് നേടിയ രവി ബൊപ്പാരയുടെ പ്രകടനത്തിന് സമാനമായാണ് ആദില്‍ റഷീദും പന്തെറിഞ്ഞത്.
വാറിയേഴ്‌സിനായി ജോ ഡെന്‍ലി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍, ഡാനിയല്‍ സാംസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 25ന് ഒന്ന് എന്ന നിലയിലാണ്.
Content Highlight: ILT20: Sharjah Warriors vs Abu Dhabi Knight Riders updates