ഐ.എല്‍ ടി-20യില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിനെ 94 റണ്‍സിന് ഓള്‍ ഔട്ടാക്കി ഷാര്‍ജ വാറിയേഴ്‌സ്. ഷെയ്ഖ് സെയ്ദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് കഴിഞ്ഞ മത്സരത്തിലെ നാണക്കേടിന് വാറിയേഴ്‌സ് തിരിച്ചടിച്ചത്.
ഫെബ്രുവരി അഞ്ചിന് നടന്ന അബുദാബി – ഷാര്‍ജ മത്സരത്തില്‍ വെറും 75 റണ്‍സിന് അബുദാബി ഷാര്‍ജയെ ഓള്‍ ഔട്ടാക്കുകയും ഏഴ് വിക്കറ്റിന് മത്സരം വിജയിക്കുകയും ചെയ്തിരുന്നു.
വണ്‍ ഡൗണായെത്തിയ അല്‍ഷിന്‍ ഷറഫുവിനൊപ്പം ചേര്‍ന്ന് മൈക്കല്‍ പെപ്പര്‍ സ്‌കോര്‍ ഉയര്‍ത്തി. 61 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്തത്.
ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ഷറഫുവിനെ പുറത്താക്കി ആദില്‍ റഷീദാണ് വാറിയേഴ്‌സിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. അതേ ഓവറില്‍ തന്നെ പെപ്പറിനെയും പുറത്താക്കിയ ആദില്‍, വാറിയേഴ്‌സിനെ ഡ്രൈവിങ് സീറ്റിലിരുത്തി.
പിന്നീട് ക്രീസിലെത്തിയവരില്‍ ഒരാള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 61ന് ഒന്ന് എന്ന നിലയില്‍ നിന്നും 94ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് അതിവേഗമാണ് നൈറ്റ് റൈഡേഴ്‌സ് കൂപ്പുകുത്തിയത്.
നൈറ്റ് റൈഡേഴ്‌സ് നിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ നാല് പേര്‍ ഒറ്റയക്കത്തിനും മടങ്ങി.
വാറിയേഴ്‌സിനായി നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദാണ് നൈറ്റ് റൈഡേഴ്‌സിനെ തവിടുപൊടിയാക്കിയത്. നേരത്തെ നടന്ന അബുദാബി-ഷാര്‍ജ മത്സരത്തില്‍ ഇതുപോലെ നാല് വിക്കറ്റ് നേടിയ രവി ബൊപ്പാരയുടെ പ്രകടനത്തിന് സമാനമായാണ് ആദില്‍ റഷീദും പന്തെറിഞ്ഞത്.