ഐ.എല്‍.ടി20യുടെ രണ്ടാം സീസണിന് മുന്നോടിയായി ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഷാര്‍ജ വാറിയേഴ്‌സ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം കോലര്‍ കാഡ്‌മോറിനെയാണ് ഷാര്‍ജ രണ്ടാം സീസണില്‍ ഷാര്‍ജ വാറിയേഴ്‌സ് ക്യാപ്റ്റന്‍സിയേല്‍പിച്ചിരിക്കുന്നത്. ഉദ്ഘാടന സീസണില്‍ മോയിന്‍ അലിയായിരുന്നു വാറിയേഴ്‌സിന്റെ നായകന്‍.
ഐ.പി.എല്ലിന്റെ താര ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പാളയത്തിലെത്തിച്ചതിന് പിന്നാലെയാണ് കാഡ്‌മോര്‍ മറ്റൊരു ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്റെ കുപ്പായമണിയുന്നത്. രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡിലെ ആറ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് കാഡ്‌മോര്‍.
കഴിഞ്ഞ സീസണില്‍ അത്രകണ്ട് മികച്ച പ്രകടനമായിരുന്നില്ല വാറിയേഴ്‌സ് പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായാണ് ഉദ്ഘാടന സീസണില്‍ ടീം ഫിനിഷ് ചെയ്തത്.
പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ആറ് തോല്‍വിയും അടക്കം ഏഴ് പോയിന്റ് മാത്രമാണ് വാറിയേഴ്‌സിനുണ്ടായിരുന്നത്. എന്നാല്‍ പുതിയ സീസണില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ കീരിടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഷാര്‍ജ വാറിയേഴ്‌സ്.
വാറിയേഴ്‌സ് മാത്രമല്ല, ഐ.എല്‍.ടി20യിലെ മറ്റ് ടീമുകളും തങ്ങളുടെ നായകന്‍മാരെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗള്‍ഫ് ജയന്റ്‌സ് ജെയിംസ് വിന്‍സിനെ ക്യാപ്റ്റന്‍സിയേല്‍പിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം കോളിന്‍ മണ്‍റോയാണ് രണ്ടാം സ്ഥാനക്കാരായ ഡെസേര്‍ട്ട് വൈപ്പേഴ്‌സിനെ പുതിയ സീസണില്‍ നയിക്കുന്നത്.
ജനുവരി 19നാണ് ഐ.എല്‍.ടി-20 2024ലെ ആദ്യ മത്സരം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗള്‍ഫ് ജയന്റ്‌സ് ഷാര്‍ജ വാറിയേഴ്‌സിനെ നേരിടും.
ഷാര്‍ജ വാറിയേഴ്‌സ് സ്‌ക്വാഡ്
ജോ ഡെന്‍ലി, മാര്‍ക് ഡെയാല്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, ബേസില്‍ ഹമീദ്, ക്രിസ് വോക്‌സ്, ഡാനിയല്‍ സാംസ്, ജെയിംസ് ഫുള്ളര്‍, ലൂയിസ് ഗ്രിഗറി, നിലാന്‍ഷ് കേശ്വനി, ഷോണ്‍ വില്യംസ്, ജോണ്‍സണ്‍ ചാള്‍സ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ടോം കോലര്‍ കാഡ്‌മോര്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് സോള്‍, ദില്‍ഷന്‍ മധുശങ്ക, ജുനൈദ് സിദ്ദിഖ്, മഹീഷ് തീക്ഷണ, മാര്‍ക് വാട്ട്, മുഹമ്മദ് ജവാദുല്ലാഹ്, ഖായിസ് അഹമ്മദ്.