| Tuesday, 6th February 2024, 10:50 am

15ന് നാല് വിക്കറ്റ്, 75ന് ഓള്‍ ഔട്ട്; പഴയ സിംഹത്തിന്റെ ഗര്‍ജനത്തില്‍ നടുങ്ങി രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എല്‍.ടി-20യില്‍ ഷാര്‍ജ വാറിയേഴ്‌സിനെ പരാജയപ്പെടുത്തി അബുദാബി നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് അബുദാബി ഷാര്‍ജയെ പരാജയപ്പെടുത്തി.

ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയും കുറഞ്ഞ സ്‌കോറില്‍ എറിഞ്ഞൊതുക്കുകയുമായിരുന്നു. 17 ഓവറില്‍ 75 റണ്‍സിനാണ് ഷാര്‍ജ ഓള്‍ ഔട്ടായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. നിരോഷന്‍ ഡിക്വെല്ല നാല് പന്തില്‍ നാല് റണ്‍സ് നേടി പുറത്തായപ്പോള്‍ ജോണ്‍സണ്‍ ചാള്‍സ് ഒന്നും ലിയാം ലിവിങ്‌സ്റ്റണ്‍ രണ്ടും റണ്‍സെടുത്ത് പവലിയനിലേക്ക് തിരിച്ചുനടന്നു.

ഷാര്‍ജ നിരയില്‍ വെറും മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 19 പന്തില്‍ 24 റണ്‍സ് നേടിയ ഡാനിയല്‍ സാംസണാണ് ഷാര്‍ജയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടോം കോലര്‍ കാഡ്‌മോര്‍ 17 പന്തില്‍ 19 റണ്‍സ് നേടിയപ്പോള്‍ ആദില്‍ റഷീദ് 15 പന്തില്‍ 10 റണ്‍സും നേടി പുറത്തായി.

നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം രവി ബൊപ്പാരയാണ് വാറിയേഴ്‌സിനെ തകര്‍ത്തെറിഞ്ഞത്. നാല് ഓവര്‍ പന്തെറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങിയ ബൊപ്പാര നാല് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.

ടീമിന്റെ ടോപ് സ്‌കോററായ ഡാനിയല്‍ സാംസ്, ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ ജെയിംസ് ഫുള്ളര്‍, ആദില്‍ റഷീദ്, മതീശ പതിരാന എന്നിവരെയാണ് ബൊപ്പാര പുറത്താക്കിയത്.

ഡാനിയല്‍ സാംസിനെയും ആദില്‍ റഷീദിനെയും ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയ ബൊപ്പാര ഫുള്ളറിനെ ജോഷ്വ ലിറ്റിലിന്റെ കൈകളിലെത്തിച്ചും പതിരാനയെ ആന്ദ്രേ റസലിന്റെ കൈകളിലെത്തിച്ചും പുറത്താക്കി.

നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ജോഷ്വ ലിറ്റില്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് വില്ലി രണ്ടും ഇമാദ് വസീം ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അബുദാബി മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. നൈറ്റ് റൈഡേഴ്‌സിനായി ജോ ക്ലാര്‍ക് 25 പന്തില്‍ 34 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ 18 റണ്‍സടിച്ച മെക്കല്‍ പെപ്പറും വിജയത്തില്‍ നിര്‍ണമായകമായി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. എട്ട് മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായി പത്ത് പോയിന്റാണ് പര്‍പ്പിള്‍ ആര്‍മിക്കുള്ളത്.

എട്ട് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ആറ് പോയിന്റ് നേടിയ വാറിയേഴ്‌സ് നിലവില്‍ അവസാന സ്ഥാനത്താണ്.

മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുള്ള ടീമുകള്‍ക്കും ആറ് പോയിന്റാണ് എന്നിരിക്കെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ വാറിയേഴ്‌സിന് മുമ്പില്‍ പ്ലേ ഓഫ് സാധ്യതകള്‍ തുറക്കും. ബുധനാഴ്ചയാണ് ഷാര്‍ജയുടെ അടുത്ത മത്സരം. ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അബുദാബി തന്നെയാണ് എതിരാളികള്‍.

Content highlight: ILT20: Ravi Bopara’s brilliant bowling performance against Sharjah Warriors

We use cookies to give you the best possible experience. Learn more