| Monday, 29th January 2024, 10:22 pm

ഷാര്‍ജയില്‍ അവതരിച്ച ലങ്കന്‍ കരുത്ത്; രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ കരുതിവെച്ച രഹസ്യായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എല്‍.ടി-20യില്‍ ദുബായ് ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി ഷാര്‍ജ വാറിയേഴ്‌സിന്റെ മഹീഷ് തീക്ഷണ. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് മുന്‍നിര വിക്കറ്റുകളാണ് തീക്ഷണ പിഴുതെറിഞ്ഞത്.

മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ഷാര്‍ജ വാറിയേഴ്‌സ് ക്യാപ്റ്റന്‍ ടോം കോലര്‍ കാഡ്‌മോറിന്റെ തീരുമാനത്തിനൊത്ത് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ക്യാപ്പിറ്റല്‍സ് പതറി.

ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ ദുബായ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്റ്റാര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ പുറത്താക്കിയ മാര്‍ക് വാട്ടാണ് വാറിയേഴ്‌സിന് ആദ്യ ബ്രേക് ത്രൂ നല്‍കിയത്. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സായിരുന്നു ഗുര്‍ബാസ് നേടിയത്.

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 18 പന്തില്‍ 16 റണ്‍സിന് പുറത്തായപ്പോള്‍ ബെന്‍ ഡങ്ക് ഒമ്പത് പന്തില്‍ എട്ട് റണ്‍സിനും പുറത്തായി. ജവാദുള്ളയുടെ പന്തില്‍ ഡിക്വെല്ലെക്ക് ക്യാച്ച് നല്‍കി വാര്‍ണര്‍ മടങ്ങിയപ്പോള്‍ ഡാനിയല്‍ സാംസണാണ് ഡങ്കിനെ പുറത്താക്കിയത്.

സാം ബില്ലിങ്‌സിനെ മടക്കിയാണ് മഹീഷ് തീക്ഷണ വിക്കറ്റ് വേട്ട ആരംഭിച്ചത്. താരത്തെ ലൂയീസ് ഗ്രിഗറി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 11 പന്തില്‍ ഒമ്പത് റണ്‍സാണ് ബില്ലിങ്‌സ് നേടിയത്.

പിന്നാലെ മാക്‌സ് ഹോള്‍ഡനെ സില്‍വര്‍ ഡക്കാക്കി പുറത്താക്കിയ തീക്ഷണ വെടിക്കെട്ട് വീരന്‍ റോവ്മന്‍ പവലിനെയും മടക്കി. ഇരുവരും വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് പുറത്തായത്.

നാല് പന്തില്‍ ഒരു റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറിനെയും എല്‍.ബി.ഡബ്ല്യൂവിലൂടെ പുറത്താക്കിയ തീക്ഷണ മത്സരത്തില്‍ ഫോര്‍ഫറും തികച്ചു.

തീക്ഷണക്ക് പുറമെ ഡാനിയല്‍ സാംസസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക് വാട്ടും മുഹമ്മദ് ജവാദുള്ളയും ഓരോ വിക്കറ്റും നേടി.

ഒടുവില്‍ 18.2 ഓവറില്‍ ക്യാപ്പിറ്റല്‍സ് വെറും 104ന് പുറത്തായി.

22 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ക്യാപ്പിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 25 എന്ന നിലയിലാണ്. ആറ് പന്തില്‍ ഏഴ് റണ്‍സുമായി ജോണ്‍സണ്‍ ചാള്‍സും 12 പന്തില്‍ 18 റണ്‍സുമായി നിരോഷന്‍ ഡിക്വെല്ലെയുമാണ് ക്രീസില്‍.

Content highlight: ILT20: Maheesh Theekshana’s brilliant bowling performance against Dubai Capitals

We use cookies to give you the best possible experience. Learn more