ഐ.എല്‍.ടി-20യില്‍ എം.ഐ എമിറേറ്റ്‌സിന് തോല്‍വി. കഴിഞ്ഞ ദിവസം ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഡെസേര്‍ട്ട് വൈപ്പേഴ്‌സ് എമിറേറ്റ്‌സിനെ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ടോസ് നേടിയ വൈപ്പേഴ്‌സ് എമിറേറ്റ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടെങ്കിലും പിന്നാലെയെത്തിയവരുടെ ചെറുത്തുനില്‍പ് എം.ഐക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു.
നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് എമിറേറ്റ്‌സ് നേടിയത്. മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ വൈപ്പേഴ്‌സ് പന്തെറിഞ്ഞതോടെ എമിറേറ്റ്‌സ് പരുങ്ങി.
14 പന്തില്‍ 28 റണ്‍സ് നേടിയ ടിം ഡേവിഡാണ് എമിറേറ്റ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. 24 പന്തില്‍ 24 റണ്‍സ് നേടിയ അകീല്‍ ഹൊസൈനും 30 പന്തില്‍ 23 റണ്‍സടിച്ച അംബാട്ടി റായിഡുവും സ്‌കോറിങ്ങില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.
വൈപ്പേഴ്‌സിനായി മുഹമ്മദ് അമീര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലൂക് വുഡും മതീശ പതിരാനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാനിന്ദു ഹസരങ്കയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
150 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ വൈപ്പേഴ്‌സിനും തുടക്കം പാളിയിരുന്നു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സ് എന്ന നിലയില്‍ നിന്നും 28 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് അതിവേഗമാണ് വൈപ്പേഴ്‌സ് വീണത്.
അലക്‌സ് ഹേല്‍സ് എട്ട് പന്തില്‍ മൂന്ന് റണ്‍സിന് പുറത്തായപ്പോള്‍ എട്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ കോളിന്‍ മണ്‍റോക്ക് നേടാന്‍ സാധിച്ചത്. സില്‍വര്‍ ഡക്കായി ആദം ഹോസെയും പുറത്തായതോടെ വൈപ്പേഴ്‌സ് പരുങ്ങി.
22 പന്ത് നേരിട്ട് 35 റണ്‍സ് നേടിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡാണ് വൈപ്പേഴ്‌സിനെ വിജയത്തിലേക്കടുപ്പിച്ചത്. 12 പന്തില്‍ 17 റണ്‍സുമായി ഷഹാന്‍ അഫ്രിദിയും മികച്ച പിന്തുണ നല്‍കി.
19ാം ഓവര്‍ അവസാനിക്കുമ്പോള്‍ 140ന് എട്ട് എന്ന നിലയിലായിരുന്നു വൈപ്പേഴ്‌സ്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ അവസാന ഓവറില്‍ പത്ത് റണ്‍സാണ് വൈപ്പേഴ്‌സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്.
ആദ്യ പന്തില്‍ ഷഹീന്‍ സിംഗിള്‍ നേടിയപ്പോള്‍ രണ്ടാം പന്ത് വൈഡായി. അടുത്ത പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ലൂക്ക് വുഡ് സിംഗിള്‍ നേടി. മൂന്നാം പന്തിലും സിംഗിള്‍ പിറന്നതോടെ അവസാന മൂന്ന് പന്തില്‍ വിജയിക്കാന്‍ ആറ് റണ്‍സ് എന്ന നിലയില്‍ വൈപ്പേഴ്‌സ് എത്തി.
തൊട്ടടുത്ത പന്തില്‍ ഡബിളോടിയ വുഡ് അഞ്ചാം പന്തില്‍ സിംഗിളും നേടി. അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ മൂന്ന് റണ്‍സും ഓടിയെടുത്താണ് വൈപ്പേഴ്‌സ് വിജയം സ്വന്തമാക്കിയത്. സീസണില്‍ വൈപ്പേഴ്‌സിന്റെ രണ്ടാം ജയമാണിത്.
അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമായി നാല് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് വൈപ്പേഴ്‌സ്. ആറ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റുമായി എം.ഐ ഒന്നാമതാണ്.
ബുധനാഴ്ചയാണ് വൈപ്പേഴ്‌സിന്റെ അടുത്ത മത്സരം. ദുബായ് ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
Content Highlight: ILT20: Desert Vipers defeated MI Emirates