പുതുതായി തുടങ്ങിയ സിനിമകളുമായി സഹകരിക്കില്ല; വിലക്കില്‍ ഉറച്ച് ഫിലിം ചേംബര്‍
കൊച്ചി: പുതുതായി പ്രഖ്യാപിച്ച സിനിമകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍. ഷൂട്ടിംഗ് ആരംഭിച്ച സിനിമകളെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.
കൊവിഡ് മൂലം നിലച്ച സിനിമകള്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചലച്ചിത്ര സംഘടനകളിലുണ്ടായ ധാരണ. ഇത് ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.
ഇതിന് പിന്നാലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ടയിലെ അംഗങ്ങളെ സിനിമയില്‍ സഹകരിപ്പിക്കണമെന്നും ഫിലിം ചേംബര്‍ നിര്‍മ്മാതാക്കളുടെ സംഘടനകളോട് ആവശ്യപ്പെടും.
പ്രതിഫലം 50 ശതമാനം വരെ കുറയ്ക്കാന്‍ തയ്യാറാണെന്ന മാക്ട അറിയിച്ചിരുന്നു. മഹേഷ് നാരായണന്‍, ഖാലിദ് റഹ്മാന്‍ എന്നിവരാണ് പുതിയ സിനിമകള്‍ പ്രഖ്യാപിക്കുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തത്.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും ലിജോ പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ച് സിനിമ പണം സമ്പാദിക്കാനുള്ള യന്ത്രമല്ലെന്നും മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും പറഞ്ഞ ലിജോ സിനിമയില്‍ നിന്ന് സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയക്കായി വിനിയോഗിക്കുമെന്നും തനിക്ക് ശരിയാണ് എന്ന് തോന്നുന്നിടത്ത് സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് പറഞ്ഞിരുന്നു.
തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ ലിജോ ജോസ് പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ലിജോ പങ്കുവെച്ചിരുന്നു.സിനിമാ ചിത്രീകരണം തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ എന്ന് നേരത്തെ ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.