യൂട്യൂബില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കി ഡബ്‌സീയും രംഗണ്ണനും, പക്ഷേ കാത്തുവിനെ തൂക്കാന്‍ ഇതൊന്നും പോര
Film News
യൂട്യൂബില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കി ഡബ്‌സീയും രംഗണ്ണനും, പക്ഷേ കാത്തുവിനെ തൂക്കാന്‍ ഇതൊന്നും പോര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th September 2024, 11:25 am

മലയാളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവു വലിയ വിജയചിത്രങ്ങളിലൊന്നാണ് ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകവേഷം അവതരിപ്പിച്ചത്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ആവേശം മാറി. ബെംഗളൂരുവലെ ഗ്യാങ്സ്റ്ററായ രംഗന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. തിയേറ്ററില്‍ വന്‍ വിജയമായി മാറിയ ചിത്രം ബോക്‌സ് ഓഫീസില്‍ 150 കോടിയിലധികം നേടി. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രത്തെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

സുഷിന്‍ ശ്യാം ഈണമിട്ട പാട്ടുകളായിരുന്നു ആവേശത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഭാഷാതിര്‍ത്തികള്‍ കടന്ന് ചിത്രത്തിലെ പാട്ടുകള്‍ തരംഗമായി മാറി. ചിത്രത്തിലെ ബി.ജി.എമ്മുകളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഡബ്‌സീ ആലപിച്ച ഇല്ലുമിനാറ്റി എന്ന പാട്ട് സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറി. ഇപ്പോഴിതാ മറ്റൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇല്ലുമിനാറ്റി എന്ന ഗാനം. യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാളഗാനം എന്ന റെക്കോഡാണ് ഇല്ലുമിനാറ്റി സ്വന്തമാക്കിയത്.

160 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ ഇല്ലുമിനാറ്റി എന്ന പാട്ട് കണ്ടത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2022ല്‍ റിലീസായ ഹൃദയം എന്ന സിനിമയിലെ ‘ദര്‍ശന’ എന്ന പാട്ടാണ് ഇതിന് മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 155 മില്യണ്‍ ആളുകളാണ് ദര്‍ശന എന്ന പാട്ട് യൂട്യൂബില്‍ കണ്ടത്. ഈ റെക്കോഡാണ് ആവേശം തകര്‍ത്തത്. ഈ വര്‍ഷം സിനിമാപ്രേമികള്‍ക്ക് ഏറെ ആവേശം നല്‍കിയ സിനിമകളിലൊന്ന് ഇപ്പോഴും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ യൂട്യൂബില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള മ്യൂസിക് വീഡിയോ ഏതെന്നറിയുമ്പോഴാണ് പലരും ഞെട്ടുന്നത്. മഞ്ചാടി എന്ന അനിമേഷന്‍ പ്രോഗ്രാമിലെ ‘ആരു പറഞ്ഞു മ്യാവൂ’ എന്ന പാട്ടിനാണ് ഏറ്റവുമധികം കാഴ്ചക്കാരുള്ളത്. 252 മില്യണ്‍ ആളുകളാണ് കാത്തുവിന്റെ പാട്ട് കണ്ടത്. മറ്റൊരു മലയാളം പാട്ടും ഇതിനടുത്ത് ഇതുവരെ എത്തിയിട്ടില്ല.

Content Highlight: Illuminati song became the most viewed Malayalam song in YouTube