സംസ്ഥാനത്ത് വ്യാജമദ്യ ദുരന്ത സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Daily News
സംസ്ഥാനത്ത് വ്യാജമദ്യ ദുരന്ത സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2016, 5:27 pm

liquor-01

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മദ്യ ദുരന്ത ഭീഷണി കണക്കിലെടുത്ത് എക്‌സൈസ്, പോലീസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധന കര്‍ശനമാക്കി മദ്യദുരന്തത്തിനുള്ള സാധ്യത ഒഴിവാക്കാനാണ് നിര്‍ദ്ദേശം.

ബാറുടമകള്‍ തന്നെ മദ്യ ദുരന്തം സൃഷ്ടിച്ചേക്കാമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് ഇന്റലിജന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. അതുകൊണ്ട് എക്‌സൈസും പൊലീസും സംസ്ഥാനത്തുടനീളം കര്‍ശന പരിശോധനയ്ക്കായി തയ്യാറെടുക്കണമെന്ന ആവശ്യം ഇന്റലിജന്‍സ് തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്.

മന്ത്രി കെ. ബാബു ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. മദ്യനയം ബാറുടമകള്‍ക്ക് കനത്ത നഷ്ടം വരുത്തിയ സാഹചര്യത്തില്‍ ഈ നയം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമുണ്ടാകുമെന്ന് സൂചനകള്‍ കത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ റാന്നി, അടൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യജമദ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍ എക്‌സൈസും പൊലീസും പരിശോധന കര്‍ശനമാക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ വന്‍ കള്ളപ്പണ വേട്ട നടന്നിരുന്നു. ഇതുവരെ സംസ്ഥാനത്ത് 18 കോടിയോളം രൂപയാണ് പിടിച്ചത്.കഴിഞ്ഞ ദിവസം തൃശൂരില്‍ രണ്ടു കാറുകളില്‍ നിന്നായി പിടിച്ചെടുത്ത മൂന്ന് കോടി കൊണ്ടു വന്നത് ഹവാല ഇടപാടിന് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പണത്തനു പുറമേ പതിനാലായിരത്തോളം ലിറ്റര്‍ അനധികൃത മദ്യവും മുപ്പതിനായിരത്തോളം ലിറ്റര്‍ വാഷും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.