അയോധ്യയില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കച്ചവടം നടത്തി; ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടെ 40 പേര്‍ പ്രതിപ്പട്ടികയില്‍
അയോധ്യ: യു.പിയിലെ അയോധ്യയില്‍ ഡെവലെപ്പ്‌മെന്റ് അതോറിറ്റിയുടെ സ്ഥലങ്ങള്‍ അനധികൃതമായി കച്ചവടം നത്തി എന്ന ആരാപണത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള 40 പേര്‍ പ്രതികള്‍. മേയറും എം.എല്‍.എയും മുന്‍ എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. അനധികൃതമായി ഭൂമ വിറ്റതിനും ആ ഭൂമിയില്‍ അനധികൃത നിര്‍മാണം ഉണ്ടാക്കിയതിനുമാണ് അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി പരാതി ഉന്നയിച്ചത്.
അതോറിറ്റിയുടെ പ്രദേശത്ത് അനധികൃതമായി ഭൂമി വാങ്ങുകയും വില്‍ക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത 40 പേരുടെ പട്ടിക ശനിയാഴ്ച രാത്രിയോടെയാണ് പുറത്തിറക്കിയത്. അതോറിറ്റി വൈസ് ചെയര്‍മാന്‍ വിശാല്‍ സിങാണ് ഈ വിവരം ഞായറാഴ്ച ന്യൂസ് ഏജന്‍സിയായ
പി.ടി.ഐയെ അറിയിച്ചത്. ഈ 40 പേര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ അതോറിറ്റി പുറത്തുവിട്ട കുറ്റാരോപിതരുടെ പട്ടികയിലുള്ള മേയര്‍ ഋഷികേശ് ഉപാധ്യായയും എം.എല്‍.എ വേദ് പ്രകാശ് ഗുപ്തയും ഇത് ഗൂഢാലോചനയാണെന്നും തങ്ങള്‍ നിരപരാധികളാണെന്നും പി.ടി.ഐയോട് പ്രതികരിച്ചു.
മില്‍കിപൂരില്‍ നിന്നുള്ള മുന്‍ ബി.ജെ.പി എം.എല്‍.എ കൂടിയായ ഗോരഖ്നാഥ് ബാബയുടെ പേരും പ്രതി പട്ടികയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അയോധ്യയിലെ അനധികൃത ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
പട്ടിക പരസ്യമായതോടെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ
ഈ വിഷയം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക എം.പി ലല്ലു സിംഗ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്.
വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ‘അയോധ്യയിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ പാപം! ബി.ജെ.പിയുടെ മേയറും പ്രാദേശിക എം.എല്‍.എയും മുന്‍ എം.എല്‍.എയും ഭൂമാഫിയയുമായി ചേര്‍ന്ന് അനധികൃത കോളനികള്‍ സ്ഥാപിക്കുകയാണിവിടെ.
ഉത്തരവാദിത്തപ്പെട്ട വകുപ്പുകളില്‍ അഴിമതി കാണിച്ച് 30 അനധികൃത കോളനികള്‍ അവര്‍ സ്ഥാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ഇതുവഴി നൂറു കോടിയുടെ വരുമാനമാണ് നഷ്ടമാകുന്നത്. ഇക്കാര്യം തീര്‍ച്ചയായും അന്വേഷിക്കണം, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം,’ എസ്.പിയുടെ
ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ എഴുതി.
CONTENT HIGHLIGHTS: Illegally traded government Plant in Ayodhya; 40 people including BJP MLAs in the charge sheet