| Monday, 23rd September 2024, 8:41 am

ന്യൂസിലാന്റിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്‌മെന്റ്; ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ അടക്കം സൗത്ത് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ നഴ്‌സിങ് പ്രൊഫഷണലുകള്‍ അനധികൃതമായി ന്യൂസിലാന്റിലെത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം.

കമ്പെറ്റന്‍സി അസസ്‌മെന്റ് പ്രോഗ്രാമിനും (സി.എ.പി) നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണ്ടിയാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് ഉദ്യോഗാര്‍ത്ഥികള്‍ അനധികൃതമായി ന്യൂസിലാന്റിലെത്തുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിസിറ്റിങ് വിസയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തുന്നത് എന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര വിദേശകാര്യം മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

സി.എ.പിയില്‍ പങ്കെടുക്കാനുള്ള വിസിറ്റിങ് വിസക്കായി വലിയ തുകയാണ് ഏജന്റുമാര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനോ അവിടെ ജോലിയോ ലഭിക്കുന്നില്ല.

ഇത്തരത്തില്‍ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായുള്ള നിരവധി പരാതികള്‍ ന്യൂസിലാന്റിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരാതികളാണ് ഇവയില്‍ ഭൂരിഭാഗവും. ഇത്തരം പരാതികളുടെ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റെസിഡന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

കൊവിഡിനെ തുടര്‍ന്ന് ന്യൂസിലാന്റിലുണ്ടായ നഴ്‌സുമാരുടെ ക്ഷാമം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്‌സുമാരുടെ വരവോടെ പരിഹരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ പേരില്‍ നടക്കുന്ന അംഗീകാരമില്ലാത്ത ഏജന്റുമാരുടെ തട്ടിപ്പില്‍ വീണുപോകരുതെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസിലാന്റിലെ നഴ്‌സിങ് മേഖലയിലെ വിസയുടെ ആധികാരികതയെ കുറിച്ചും തൊഴിലുടമകളെ കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് രേഖകള്‍ സഹിതം എന്ന pol.wellington@mea.gov.in ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണെന്നും ഇന്ത്യന്‍ എംബസി അറിയിക്കുന്നു. 0471 2721547 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

content highlights: Illegal Nursing Recruitment to New Zealand; Ministry of External Affairs with warning

We use cookies to give you the best possible experience. Learn more