രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികളായി കാണാന്‍ സാധിക്കില്ല; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
India
രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികളായി കാണാന്‍ സാധിക്കില്ല; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 7:44 am

ന്യൂദല്‍ഹി: രോഹിഗ്യന്‍ മുസ്‌ലിങ്ങളെ അഭയാര്‍ത്ഥികളായി കാണാന്‍ സാധിക്കില്ലെന്നും അവര്‍ അനധികൃത കുടിയേറ്റക്കാര്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതിനാല്‍ അവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

തടവില്‍ കഴിയുന്ന രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് കേന്ദ്രത്തിന്റെ വാദം. ആര്‍ക്കെല്ലാം അഭയാര്‍ത്ഥി പദവി നല്‍കണം, നല്‍കരുത് ഇവയെല്ലാം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. കോടതി ഉത്തരവിലൂടെ അഭയാര്‍ത്ഥി പദവി നല്‍കാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാടറിയിച്ചു.

‘ രോഹിഗ്യന്‍ വിഭാഗം ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരാണ്. അവര്‍ക്കെതിരെ ഫോറിനേഴ്‌സ് ആക്റ്റ് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. 1951ലെ അഭയാര്‍ത്ഥി ഉടമ്പടിയിലോ, 1967ലെ അഭയാര്‍ത്ഥി പദവി നല്‍കുന്നതിലുള്ള പ്രോട്ടോക്കോളിലോ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല,’ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ പ്രിയാലി സൂര്‍ ആണ് വിഷയത്തില്‍ പൊതുതാല്‍പ്പര്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സ്വന്തം രാജ്യത്ത് വംശഹത്യയും പീഡനവും അനുഭവിക്കുന്നത് കൊണ്ടാണ് രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വന്നത്.

അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും പ്രിയാലി സൂര്‍ പറഞ്ഞു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങിലെ മുസ്‌ലിം ഇതര മതക്കാര്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സി.എ.എ വിജ്ഞാപനം പുറത്തിറക്കിയതിനിടെയാണ് കേസില്‍ സുപ്രീം കോടതി വാദം കേട്ടത്.

Content Highlight:  Illegal Migrants Can’t Be Blanketly Accepted As ‘Refugees’ : Centre Opposes Plea In Supreme Court To Protect Rohingyas