| Thursday, 16th August 2012, 12:46 pm

സംസ്ഥാനത്ത് നിയമവിരുദ്ധമായി മരുന്നുപരീക്ഷണം: കൂടുതലും അമൃത ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധമായി മരുന്ന് പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ ഒരുലക്ഷത്തോളം പേരിലാണ് അജ്ഞാതമരുന്നുകള്‍ പരീക്ഷിച്ചത്. പരീക്ഷണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മരുന്ന് പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്‌ ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ്.[]

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരുന്ന് പരീക്ഷണങ്ങള്‍ നടത്തിയത് എറണാകുളം അമൃത ഹോസ്പിറ്റിലിലാണ്. മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലുള്ളതാണ് അമൃത ഹോസ്പ്പിറ്റല്‍. ഇവിടെ പതിനായിരക്കണക്കിന് രോഗികളാണ് പരീക്ഷണത്തിന് ഇരയായത്. 81 മരുന്ന് പരീക്ഷണങ്ങളാണ് ഇവിടെ നടത്തിയത്.

മരുന്ന് പരീക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പുകള്‍ വഴിയാണ് രോഗികളെ കണ്ടെത്തുന്നത്. രോഗി അറിയാതെ തന്നെ സമ്മതപത്രം ഒപ്പിട്ടുവാങ്ങിയാണ് പരീക്ഷണത്തിന് രോഗികളെ തയ്യാറാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലാണ് പരീക്ഷണം അധികവും നടത്തുന്നത്.

മരുന്ന് പരീക്ഷണം വഴി ആശുപത്രിയും ഡോക്ടര്‍മാരും കോടികളാണ് കൈക്കലാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. നിയമപരമായി നിലവിലില്ലാത്ത സ്ഥാപനങ്ങള്‍ക്കും മരുന്ന് പരീക്ഷണത്തിന് കേന്ദ്രാനുമതിയുണ്ട്. ഇക്കാലയളവില്‍ കേരളത്തില്‍ ചുരുങ്ങിയത് പുതിയ മുന്നൂറ് മരുന്നുകളെങ്കിലും പരീക്ഷിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 150 ഓളം പുതിയ മരുന്നുകള്‍ പരീക്ഷിച്ച് വരികയാണ്.

തിരുവനന്തപുരത്തെ എച്ച്.ആര്‍.സി എന്ന സ്വകാര്യസ്ഥാപനവും മരുന്ന് പരീക്ഷണത്തില്‍ മുന്നിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നൂറ് കണക്കിന് രോഗികളാണ് നിത്യേന ഇവിടെ എത്തുന്നത്.  47 പുതിയ മരുന്നുകളുടെ പരീക്ഷണങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്.

എച്ച്.ആര്‍.സിയില്‍ എത്തിക്‌സ് കമ്മിറ്റിപോലും നിലവിലില്ലെന്ന് 5 വര്‍ഷത്തോളം സഹഗവേഷകനായി പ്രവര്‍ത്തിച്ച ഡോക്ടര്‍ രാജേന്ദ്രന്‍ വെളിപ്പെടുത്തി. എച്ച്.ആര്‍.സിയില്‍ നടന്ന നിയമവിരുദ്ധമായ നടപടികള്‍ ചോദ്യം ചെയ്തതുമൂലമാണ് തനിക്ക് സ്ഥാപനം വിടേണ്ടിവന്നതെന്നും രാജേന്ദ്രന്‍ ചാനലിനോട് പറഞ്ഞു.

എന്നാല്‍ മരുന്ന് പരീക്ഷണത്തിലൂടെ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന കണക്ക് സര്‍ക്കാരിന് പോലുമില്ല. എന്നാല്‍ പല ഡോക്ടര്‍മാരും രോഗികള്‍ മരിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുമുതല്‍ വൃദ്ധന്‍മാര്‍ വരെ ഈ മരുന്ന് പരീക്ഷണത്തിന് ഇരകളാകുന്നുവെന്നാണ് അറിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more