| Tuesday, 22nd October 2024, 7:40 am

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിയമവിരുദ്ധമെന്നാരോപിച്ച് ദർഗ തകർത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച് ദർഗ പൊളിച്ച് നീക്കി ജില്ലാ അധികാരികൾ. മിർപൂർ ഋഷികേശ് ജലസേചന വകുപ്പിൻ്റെ തെഹ്‌രി അണക്കെട്ട്  പുനരധിവാസ പദ്ധതിയുടെ ഭൂമി കൈയേറി നടത്തിയതാണ് ഈ നിർമാണം എന്നാണ് അധികൃതർ ആരോപിക്കുന്നത്. ദർഗ എന്നറിയപ്പെടുന്ന മസർ, ഒരു മുസ്‌ലിം മത വ്യക്തിയുടെ ശവകുടീരത്തിന് ചുറ്റും നിർമിച്ച ദേവാലയമാണ്.

മിർപൂർ ഗ്രാമത്തിലെ മസർ 15നും 20നും വർഷങ്ങൾക്കിടയിൽ നിർമിച്ചതാണെന്നും മാർച്ചിൽ പൊളിക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

‘ആദ്യം ഒരു നോട്ടീസ് നൽകിയപ്പോൾ, അവർ (മസർ മാനേജ്മെൻ്റ്) മസ്ജിദ് സ്വയം നീക്കം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു എന്നാൽ അത് അവർ പാലിച്ചില്ല . തുടർന്ന് ഞങ്ങൾക്ക് അത് പൊളിച്ച് മാറ്റേണ്ടി വന്നു,’ ജില്ലാ മജിസ്‌ട്രേറ്റ് കർമേന്ദ്ര സിങ് പറഞ്ഞു.

2023 മെയ്-ഓഗസ്റ്റ് മാസങ്ങളിൽ, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയായും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാർട്ടി സർക്കാറും കയ്യേറ്റം ആരോപിച്ച് ഉത്തരാഖണ്ഡിൽ 465 മസാറുകളും 45 ക്ഷേത്രങ്ങളും ഇത് വരെ പൊളിച്ചതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ചില പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് ശനിയാഴ്ച മസർ പൊളിച്ചുനീക്കിയതെന്ന് മിർപൂർ ഗ്രാമപഞ്ചായത്ത് മുൻ മേധാവി റാവു സുബൈർ പറഞ്ഞു.

പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും ജലസേചന വകുപ്പ് കാർഷിക ആവശ്യങ്ങൾക്കായി പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയിലാണ് കെട്ടിടം നിലകൊള്ളുന്നതെന്ന് കണ്ടെത്തിയതായും അധികൃതർ ആരോപിച്ചു.

സർക്കാർ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിൻ്റെ പേരിൽ സംസ്ഥാന സർക്കാർ മുസ്‌ലിം ആരാധനാലയങ്ങൾ തകർക്കുന്നതായി ദി സ്ക്രോൾ റിപ്പോർട്ട് ചെയ്തിരുന്നു.

നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി നഗരത്തിലെ ബൻഭൂൽപുരയിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണെന്ന് അവകാശപ്പെട്ട് ഫെബ്രുവരി എട്ടിന് ഭരണകൂടം ഒരു മുസ്‌ലിം പള്ളിയും മദ്രസയും തകർത്തിരുന്നു. വിഷയം ഉത്തരാഖണ്ഡ് ഹൈക്കോടതി കൈകാര്യം ചെയ്യുമ്പോഴാണ് പൊളിക്കൽ നടന്നത് എന്നത് മറ്റൊരു വസ്തുത.

തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും മുസ്‌ലിം നിവാസികളെ പൊലീസ് അടിച്ചമർത്തുകയും നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Content Highlight: ‘Illegal’ mazar demolished in Uttarakhand’s Haridwar

Latest Stories

We use cookies to give you the best possible experience. Learn more