| Saturday, 13th June 2020, 9:29 am

അടഞ്ഞുകിടന്ന ബിവറേജസ് ഔട്ട്‌ലെറ്റിലും മദ്യവില്‍പന; ആരുമറിയാതെ വിറ്റത് മൂന്നര ലക്ഷത്തിന്റെ മദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്ഡൗണ്‍ സമയത്ത് അടഞ്ഞുകിടന്ന ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നും ജീവനക്കാര്‍ മദ്യ വില്‍പന നടത്തിയെന്ന് കണ്ടെത്തല്‍. കോഴിക്കോട് നഗരത്തിലെ ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യശാലകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശമുണ്ടായിരിക്കെ 3.65 ലക്ഷം രൂപയുടെ അനധികൃത മദ്യ വില്‍പന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

അരയിടത്തുപാലത്തിന് സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നും മദ്യം പുറത്തുകൊണ്ടുപോയി വില്‍പന നടത്തി. ഔട്ട്‌ലെറ്റ് തണ്ണീര്‍പന്തലിന് സമീപത്തേക്ക് മാറ്റാന്‍ ചുമതലയുണ്ടായിരുന്ന ജീവനക്കാരനാണ് വില്‍പന നടത്തിയതെന്നാണ് ആരോപണം.

ലോക്ഡൗണില്‍ ഔട്ട്‌ലെറ്റ് തണ്ണീര്‍പന്തലിലേക്ക് മാറ്റുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിനായി ഇദ്ദേഹം നിരന്തരം ഔട്ട്‌ലെറ്റില്‍ എത്താറുണ്ടായിരുന്നെന്നാണ് വിവരം. ഈ സമയത്ത് മദ്യം പുറത്തെടുത്ത് വില്‍പന നടത്തിയെന്നാണ് പരാതി.

ഈ സമയത്ത് വില്‍പന നടത്തിയ മദ്യത്തിന്റെ വ്യാജ ബില്ല് തയ്യാറാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അരയിടത്തുപാലത്തെ ഔട്ട്‌ലെറ്റില്‍നിന്നെടുത്ത മദ്യം ഈ മാസം തണ്ണീര്‍പന്തലില്‍ വില്‍പന നടത്തിയെന്ന തരത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ അരയിടത്തുപാലത്തെ ഔട്ട്‌ലെറ്റില്‍ ഉണ്ടായിരുന്ന പല ബ്രാന്‍ഡുകളും പുതിയ ഔട്ട്‌ലെറ്റില്‍ ഉണ്ടായിരുന്നില്ല. സ്‌റ്റോക്കില്ലാത്ത ബ്രാന്‍ഡിന് ബില്ല് തയ്യാറാക്കിയത് ശ്രദ്ധയില്‍പെട്ടതോടെ മറ്റ് ജീവനക്കാരാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയുടെ നിര്‍ദ്ദേശ പ്രകാരം റീജിയണല്‍ മാനേജരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ എത്ര രൂപയുടെ അനധികൃത വില്‍പന നടത്തിയെന്ന് വ്യക്തമാകൂ എന്നും അധികൃതര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more