കോഴിക്കോട്: ലോക്ഡൗണ്‍ സമയത്ത് അടഞ്ഞുകിടന്ന ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നും ജീവനക്കാര്‍ മദ്യ വില്‍പന നടത്തിയെന്ന് കണ്ടെത്തല്‍. കോഴിക്കോട് നഗരത്തിലെ ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യശാലകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശമുണ്ടായിരിക്കെ 3.65 ലക്ഷം രൂപയുടെ അനധികൃത മദ്യ വില്‍പന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
അരയിടത്തുപാലത്തിന് സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നും മദ്യം പുറത്തുകൊണ്ടുപോയി വില്‍പന നടത്തി. ഔട്ട്‌ലെറ്റ് തണ്ണീര്‍പന്തലിന് സമീപത്തേക്ക് മാറ്റാന്‍ ചുമതലയുണ്ടായിരുന്ന ജീവനക്കാരനാണ് വില്‍പന നടത്തിയതെന്നാണ് ആരോപണം.
ലോക്ഡൗണില്‍ ഔട്ട്‌ലെറ്റ് തണ്ണീര്‍പന്തലിലേക്ക് മാറ്റുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിനായി ഇദ്ദേഹം നിരന്തരം ഔട്ട്‌ലെറ്റില്‍ എത്താറുണ്ടായിരുന്നെന്നാണ് വിവരം. ഈ സമയത്ത് മദ്യം പുറത്തെടുത്ത് വില്‍പന നടത്തിയെന്നാണ് പരാതി.
ഈ സമയത്ത് വില്‍പന നടത്തിയ മദ്യത്തിന്റെ വ്യാജ ബില്ല് തയ്യാറാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അരയിടത്തുപാലത്തെ ഔട്ട്‌ലെറ്റില്‍നിന്നെടുത്ത മദ്യം ഈ മാസം തണ്ണീര്‍പന്തലില്‍ വില്‍പന നടത്തിയെന്ന തരത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.