അനധികൃത മദ്യവില്‍പന ചോദ്യം ചെയ്തു; തമിഴ്‌നാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കുത്തികൊന്നു
national news
അനധികൃത മദ്യവില്‍പന ചോദ്യം ചെയ്തു; തമിഴ്‌നാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കുത്തികൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 15, 08:58 am
Saturday, 15th February 2025, 2:28 pm

ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത മദ്യവില്‍പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കുത്തികൊന്നു. എഞ്ചിനിയറിങ് വിദ്യാര്‍ത്ഥയായ ഹരിശക്തി (20), ഹരീഷ് (25) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് സംഭവം.

അനധികൃത മദ്യവില്‍പ്പനെയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയെന്ന് ആരോപിച്ചാണ് പ്രതികള്‍ യുവാക്കളെ കൊലപ്പെടുത്തിയത്. രാജ് കുമാര്‍ (30) ബന്ധുവായ തങ്കദുരൈ (28), മൂവേന്ദര്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ ഇന്ന് (ശനി) രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ ഗ്രാമത്തില്‍ നിയമവിരുദ്ധമായി മദ്യവില്‍പന നടത്തിയിരുന്നതായാണ് വിവരം. ഹരീഷും ഹരിശക്തിയും സുഹൃത്തായ ദിനേശും ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ദിനേശിനെ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ദിനേശിനെ പിടിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് ഹരീഷിനെയും ഹരിശക്തിയെയും പ്രതികള്‍ കുത്തിയത്. ഹരീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ഹരിശക്തി ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെടുകയായിരുന്നു.

പ്രതികളുമായി വിദ്യാര്‍ത്ഥികള്‍ നേരത്തെയും തര്‍ക്കമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മുട്ടത്ത് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രാജ്കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇന്നലെ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. തുടര്‍ന്ന് മയിലാടുതുറ പൊലീസ് സൂപ്രണ്ട് ജി. സ്റ്റാലിന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.

ഗ്രാമത്തില്‍ ചാരായം വില്‍ക്കുന്നതില്‍ കേസിലെ പ്രതികളോട് പലപ്പോഴും സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഘര്‍ഷാവസ്ഥ കണക്കില്ലെടുത്ത് മുട്ടത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സമാധാനാന്തരീക്ഷമാണെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight: Illegal liquor sale questioned; Two students stabbed to death in Tamil Nadu