തദ്ദേശ വാസികളുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കുന്ന ഈ മണ്ണെടുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടേയും പോലീസിന്റെയും മൗനാനുവാദത്തോടെയാണെന്നും മാഫിയകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യര്‍ത്ഥമായ വാഗ്ദാനങ്ങള്‍ നല്‍കിയും വിഭാഗീയത സൃഷ്ടിച്ചും മദ്യവുംപണവും നല്‍കി സ്വാധീനിച്ചുമാണ് മണലെടുപ്പ് തുടരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു
പ്രദേശത്തുണ്ടായിരുന്ന അഞ്ചര ഏക്കറോളം ഉണ്ടായിരുന്ന കുന്ന് ഇപ്പോള്‍ അറുപത് അടിയോളും ഇടിച്ചു നിരത്തി കഴിഞ്ഞിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ നിന്നും എടുക്കുന്ന മണ്ണ് അതേ പഞ്ചായത്തില്‍ തന്നെ നിക്ഷേപിക്കണം എന്ന നിയമം നിലനില്‍ക്കെ, കുട്ടനാടന്‍ പ്രദേശങ്ങളിലേക്ക് മണ്ണ് വാഹനങ്ങള്‍ നിര്‍ബാധം കടത്തുകയാണ്.
ജിയോളജി ഡിപ്പാര്‍ട്ടമെന്റില്‍ നിന്നും ലഭ്യമായ പാസ്സിന്റെ ആയിരം മടങ്ങ് ലോഡ് മണ്ണ് ഇവിടെ നിന്നും കടത്തി കഴിഞ്ഞുവെന്നും പരിസരവാസികളായ പ്രതിഷേധക്കാര്‍ പറയുന്നു. മണ്ണ് എടുപ്പ് നടക്കുന്ന വെള്ളികുന്നു കോളനിയില്‍ അധിവസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാമെന്ന വാഗ്ദാനവും നടപ്പാക്കിയിട്ടില്ല. കുടിവെള്ള പ്രശ്‌നം ഉയര്‍ത്തിപിടിച്ച് സമൂഹത്തെ രണ്ടുതട്ടാക്കി തിരിച്ചുകൊണ്ട് മുതലെടുക്കുവാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. മണ്ണെടുപ്പിനെ തുടര്‍ന്ന് പ്രദേശത്ത് വെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.
മാടപ്പള്ളി പഞ്ചായത്ത്, മാടപ്പള്ളി വില്ലേജ് ഓഫീസര്‍, ചങ്ങനാശ്ശേരി തഹസീല്‍ദാര്‍, മൈനിങ്ങ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് , കോട്ടയം ആര്‍.ഡി.ഓ, കോട്ടയം ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ കാറ്റില്‍ പറത്തി നടക്കുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് പൗരസമിതി പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. പൗരസമിതി പ്രസിഡന്റ് എബ്രഹാം ആലുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ്ണ, മാടപ്പള്ളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് തോമസ് മാറാട്ടുകളം ഉദ്ഘാടനം ചെയ്തു.