ജെറുസലേം: വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമിയിൽ തീയിട്ട് അനധികൃത കുടിയേറ്റക്കാരായ ഇസ്രഈൽ ജനത. തീയിട്ടതിനെ തുടർന്ന് വ്യാപകമായ രീതിയിൽ കൃഷിനാശത്തിന് ഇത് കാരണമായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴും തീയണക്കാൻ സാധിച്ചില്ലെന്നാണ് അവിടെ നിന്നും വരുന്ന സൂചനകൾ. ഇതിനെ തുടർന്ന് നിരവധി പേരുടെ കൃഷിയാണ് നശിച്ചു പോയത്.
‘കുടിയേറ്റക്കാർ ഗ്രാമവാസികളുടെ ഭൂമിക്ക് തീയിട്ടു. തീ വല്ലാതെ ആളിപ്പടർന്നു. ഞങ്ങൾക്ക് തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നിരവധി പേരുടെ അധ്വാനമാണ് കത്തിയമർന്നത്. വലിയൊരു പ്രദേശം തന്നെ അഗ്നിക്കിരയായി. ഇപ്പോഴും തീ ആളിക്കത്തികൊണ്ടിരിക്കുകയായണ്.
കാർഷിക മേഖലകളിൽ ഇപ്പോഴും പതിനായിരക്കണക്കിന് ദൂനാമുകളിൽ (1 ദൂനം= 900 ചതുരശ്ര മീറ്റർ) തീ ശക്തമായി കത്തിക്കൊണ്ടിരിക്കുകയാണ്. ഫലസ്തീനിയൻ സിവിൽ ഡിഫൻസ് ടീമുകൾക്ക് അത് നിയന്ത്രിക്കാൻ കഴിയുന്നില്ല. അവർ ശ്രമിക്കുന്നുണ്ട്.
പക്ഷെ സ്ഥിതി ഭയാനകമാണ്. വലിയ നാശ നഷ്ടമാണ് ഉണ്ടായത്,’ റമല്ലയിലെ തുർമുസ് അയ്യ ഗ്രാമത്തിലെ മേയർ ലാഫി ആദിബ് പറഞ്ഞു.
കുടിയേറ്റക്കാർ മാസങ്ങളായി ഗ്രാമവാസികളെ അവരുടെ ഭൂമിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നത് മൂലം ഒലിവ് തോട്ടങ്ങളിൽ കളകൾ പെരുകി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ സ്ഥാപിതമായ 146 വലിയ സെറ്റിൽമെൻ്റുകളിലും 144 ചെറിയ ഔട്ട്‌പോസ്റ്റുകളിലുമായി ഏകദേശം അര ദശലക്ഷം ഇസ്രഈലികളാണ് താമസിക്കുന്നത്.