ഇന്ത്യയില്‍ നിന്നുള്ള അന്‍പതോളം കുടിയേറ്റക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍: കുറ്റവാളികളോടെന്നപോലെ പെരുമാറുന്നെന്ന് സന്നദ്ധ സംഘടനകള്‍
world
ഇന്ത്യയില്‍ നിന്നുള്ള അന്‍പതോളം കുടിയേറ്റക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍: കുറ്റവാളികളോടെന്നപോലെ പെരുമാറുന്നെന്ന് സന്നദ്ധ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th July 2018, 8:04 pm

ഒറിഗണ്‍: ഇന്ത്യയില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരോട് അമേരിക്കന്‍ ജയിലുകളിലെ പെരുമാറ്റം കുറ്റവാളികളോടെന്ന പോലെയെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയവും മതപരവുമായ വിവേചനം കാരണം അതിര്‍ത്തി കടന്ന് അമേരിക്കല്‍ അഭയം തേടിയ അന്‍പതോളം ഇന്ത്യന്‍ കുടിയേറ്റക്കാരെ ഒറിഗണിലെ ഫെഡറല്‍ ജയിലില്‍ അടച്ചിട്ടിരിക്കുകയാണെന്നും കൈവിലങ്ങുകളടക്കം അണിയിച്ച് കുറ്റവാളികളെപ്പോലെയാണ് ഇവരോടു പെരുമാറുന്നതെന്നുമാണ് വിവിധ അഭിഭാഷക സംഘങ്ങളിലെ സന്നദ്ധപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയവും കുട്ടികളെ കുടുംബങ്ങളില്‍ നിന്നുമകറ്റുന്ന നടപടിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകരുടെ നിശിതമായ വിമര്‍ശനത്തിന് പാത്രമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

“തടവിലുള്ള പതിനെട്ടുമുതല്‍ ഇരുപത്തിരണ്ടും ഇരുപത്തിനാലും വയസ്സുവരെ പ്രായമുള്ള യുവാക്കളെ അവിടെപ്പോയി കാണുന്നത് ഹൃദയഭേദകമാണ്. ഇവരെയെന്തിനാണ് ക്രിമിനലുകളെപ്പോലെ കാണുന്നതെന്ന് ചിന്തിച്ചുപോകും. ഇവര്‍ കുറ്റവാളികളല്ല. അതിര്‍ത്തി കടന്നെത്തി അഭയത്തിനായി അപേക്ഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അത് ഈ നാട്ടിലെ നിയമത്തിന്റെ ഭാഗവുമാണ്.” കമ്യൂണിറ്റി കോളജ് അധ്യാപികയായ നവനീത് കൗര്‍ പറയുന്നു.


Also Read: നിരോധിച്ച് ഇരവാദത്തിന് അവസരമൊരുക്കരുത്, രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമവരെ


ജയിലിലകപ്പെട്ടിട്ടുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന സംഘടനകളുമായി ബന്ധപ്പെട്ട് പഞ്ചാബി-ഇംഗ്ലീഷ് ദ്വിഭാഷിയായി പ്രവര്‍ത്തിക്കുകയാണ് നവനീത്. ഷെരിഡാനിലെ കേന്ദ്രത്തില്‍ തടവിലുള്ള 123 പേരിലും കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് നവനീത് പറയുന്നു. “പരിതാപകരമാണ് അവരുടെ അവസ്ഥ. ഇവരില്‍ ഭൂരിഭാഗവും പഞ്ചാബി സംസാരിക്കുന്നവരും സിഖ് മത വിശ്വാസികളുമാണ്. അറസ്റ്റു ചെയ്തപ്പോള്‍ മുതല്‍ ഇവര്‍ ഇവിടെ ബന്ധനത്തിലാണ്.” നവനീത് കൂട്ടിച്ചേര്‍ക്കുന്നു.

24 മണിക്കൂറും കൈവിലങ്ങുകള്‍ അണിയിച്ചിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നതു പോലും വിലങ്ങുകള്‍ അണിഞ്ഞുകൊണ്ടാണ്. ഏറ്റവും ക്രൂരന്മാരായ ക്രിമിനലുകളെപ്പോലും ഇത്തരത്തില്‍ ഉപദ്രവിക്കാറില്ലെന്നും സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. ഭാഷയറിയാത്തവര്‍ക്കൊപ്പം 22 മണിക്കൂറോളമാണ് ദിവസവും ഇവരെ സെല്ലുകളില്‍ അടച്ചിടുന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമാണിതെന്നും നവനീത് ചൂണ്ടിക്കാട്ടുന്നുണ്ട്.


Also Read: 2019ല്‍ ബി.ജെ.പിയെ എങ്ങനെ തോല്‍പ്പിക്കാം? പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാല് വഴികള്‍ നിര്‍ദേശിച്ച് യശ്വന്ത് സിന്‍ഹ


സിഖ് മതവിശ്വാസികളുടെ തലപ്പാവ് അഴിച്ചുമാറ്റുന്നതും വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്നും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. “എല്ലാവര്‍ക്കും സ്വന്തം മതവിശ്വാസം പിന്തുടരാന്‍ അവകാശമുള്ള രാജ്യത്താണ് ഇതു നടക്കുന്നതെന്നോര്‍ക്കണം. തലപ്പാവു പോയിട്ട് തലമറയ്ക്കാനായി ഒരു തുണിക്കഷണം പോലും അവര്‍ക്കു നല്‍കുന്നില്ല.” നവനീത് മാധ്യമങ്ങളോടു പറഞ്ഞു.

തടവിലായിട്ടുപോലും ഇവരില്‍ മിക്കപേര്‍ക്കും സ്വന്തം രാജ്യത്തേക്ക് തിരികെ പോകാന്‍ ആഗ്രഹമില്ല. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഇവരെ സന്ദര്‍ശിച്ചിരുന്നുവെങ്കിലും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള സഹായം ഇവരിലാരെങ്കിലും സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.