ഗുവാഹത്തി: ആസാം കലാപത്തിന്റെ അടിസ്ഥാന കാരണം ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും ഗൗരവമായെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.[]
ഭൂസുരക്ഷിതത്വമില്ലായ്മ, സുരക്ഷിതരല്ല എന്നുള്ള ബോഡോ വര്‍ഗക്കാരുടെ വിശ്വാസം, ആസാമില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങള്‍ എന്നീ മൂന്ന് കാരണങ്ങളാണ് കലാപത്തിനിടയാക്കിയത്. സംസ്ഥാനത്ത് ന്യൂനപക്ഷമാകുമെന്ന് ആസാം ജനത ഭയന്നുതുടങ്ങിയിരിക്കുന്നു. ഇത് ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനധികൃത കുടിയേറ്റം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിക്കണമെന്നും കുടിയേറ്റക്കാരെ കണ്ടെത്തി അവരെ നാടുകടത്തണമെന്നും അദ്വാനി പറഞ്ഞു. ഹിന്ദു മുസ്‌ലീം പ്രശ്‌നമായി ഇതിനെ കാണരുത്. ഒരു ഇന്ത്യക്കാരനും വിദേശിയും തമ്മിലുള്ള പ്രശ്‌നമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന തലത്തില്‍ ഒരു സെന്‍സസ് നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. രാഷ്ട്രീയ പാര്‍ട്ടികളെ അതിന്റെ ഭാഗമാക്കണം. ഇന്ത്യക്കാരല്ലാത്തവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആസാം കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ വീഴ്ചയുണ്ടായി. കലാപം ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും മുന്‍കരുതലെടുക്കാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.