| Tuesday, 21st January 2014, 7:11 am

ഷാര്‍ജയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കതിരെ നടപടി ശക്തമാക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഷാര്‍ജ: കൃത്യമായ താമസ കുടിയേറ്റരേഖകള്‍ കൈവശമില്ലാത്ത താമസക്കാര്‍ക്കെതിരെ ഷാര്‍ജ പോലീസ് നിരീക്ഷണം ശക്തമാക്കി.

നടപടിയുടെ ഭാഗമായി ഞായറാഴ്ച വ്യവസായമേഖലകളിലും റോളയിലും ഉള്‍പ്പടെ പ്രധാന താമസമേഖലകളിലും പോലീസ് നടത്തിയ തിരച്ചിലില്‍ നിരവധിപേര്‍ പിടിയിലായി. പിടിക്കപ്പെട്ടവരില്‍ അധികവും ബംഗ്ലാദേശ് സ്വദേശികളാണ്.

ഇത്തരക്കാര്‍ വ്യാപകമായി നിയമവിരുദ്ധ ജോലികളിലും ഏര്‍പ്പെടുന്നതായി പോലീസിന് വിവരം ലഭിച്ചു. ഷാര്‍ജ വ്യവസായമേഖല, റോള, അല്‍മുസല്ല പാര്‍ക്ക് എന്നിവിടങ്ങളിലെ ഇടുങ്ങിയ ഗല്ലികള്‍, സബ് വേകള്‍, നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലായും ഇവര്‍ സംഘം ചേരുന്നത്.

അനധികൃത സി.ഡി, ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ വില്‍പനയും കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് തുകല്‍വസ്തുക്കളുടെ വില്‍പനയും ഇവര്‍ നടത്തുന്നുണ്ട്. കൂടാതെ നാടകുത്ത്, ലഹരിവസ്തുക്കളുടെ വില്‍പന എന്നിവയുമുണ്ട്. വ്യാജടാക്‌സി ഡ്രൈവര്‍മാരായും ഇവര്‍ ജോലിചെയ്യുന്നു.

പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും . ഇങ്ങനെ തങ്ങുന്നവരില്‍ കൂടുതല്‍പേരും വര്‍ഷങ്ങള്‍ കഴിഞ്ഞ് പൊതുമാപ്പില്‍ അവരവരുടെ രാജ്യത്തേക്ക് കയറിപ്പോവുകയാണ് പതിവ്.

വീട്ടു ജോലിക്കാരായി സ്ത്രീകളും ഷാര്‍ജയില്‍ അനധികൃതമായി തങ്ങുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വ്യക്തമായ താമസ രേഖകളില്ലാത്തവരെ ജോലിക്ക് നിയമിക്കരുതെന്ന് ഷാര്‍ജ പോലീസ് നിര്‍ദ്ദശം നല്‍കി.

We use cookies to give you the best possible experience. Learn more