[] കോഴിക്കോട്: തീരദേശ നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് കാവുംപുറം കടല്‍തീരത്ത് അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നതായി തീരദേശ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. പ്രദേശത്തെ മൂന്ന് ഫ്‌ളാറ്റുകള്‍ അനധികൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അതോറിറ്റി കണ്ടെത്തി.
ചട്ടങ്ങള്‍ ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണമെന്ന് ചൂണ്ടികാട്ടി 2012 ജൂലൈ 23ന് തീരദേശ പരിപാലന അതോറിറ്റി നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഇത് സംബന്ധിച്ച് അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണവും വില്‍പ്പനയും ഇപ്പോഴും തുടരുകയാണ്.
തീരദേശ നിയന്ത്രണ അതോറിറ്റിയുടെ അനുമതിയും പാരിസ്ഥിതികാനുമതിയും ഇല്ലാതെ തീരദേശ മേഖലാ നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ടാണ് കടല്‍തീരത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് കോടിയിലധികം ചെലവ് വരുന്ന പദ്ധതികള്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിയമവും കോഴിക്കോട് നഗരസഭ കാറ്റില്‍ പറത്തിയിരിക്കുകയാണ്.
തീരദേശപരിപാലന അതോറിറ്റിയുടെ സ്‌റ്റോപ് മെമ്മോ നിലനില്‍ക്കവേയാണ് ചട്ടങ്ങള്‍ മറികടന്ന് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി പത്രം നല്‍കിയത്. അപ്പോളോ ബില്‍ഡേഴ്‌സ്, കെ.ജി.എല്‍ ബില്‍ഡേഴ്‌സ്, പെന്റഗണ്‍ ബില്‍ഡേഴ്‌സ് എന്നിവരാണ് തീരദേശ നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.