കെ. സുരേന്ദ്രന്റെ മകന്റെ അനധികൃത നിയമനം; അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച്
Kerala News
കെ. സുരേന്ദ്രന്റെ മകന്റെ അനധികൃത നിയമനം; അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2022, 2:15 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ നിയമനത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലേക്ക് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു.

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലായിരുന്നു കെ. സുരേന്ദ്രന്റെ മകന്‍ കെ.എസ്. ഹരികൃഷ്ണന് നിയമനം ലഭിച്ചത്. ബി.ടെക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം സൃഷ്ടിച്ച ഒഴിവിലേക്കായിരുന്നു നിയമനമെന്നാണ് ആരോപണം. ആരോപണം ശക്തമായതോടെ പ്രതികരണവുമായി കെ. സുരേന്ദ്രന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ മകന്റെ നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണെന്നാണ് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

‘എന്റെ മകന്റെ നിയമനം പൂര്‍ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് നിയമനം. ഒരു തരത്തിലും ഞാന്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ആ സ്ഥാപനവും എന്റെ മകനാണ് അതെന്ന് ജോലി കിട്ടിയതിന് ശേഷമാണ് അറിയുന്നത്. നിങ്ങള്‍ക്ക് ആരെക്കൊണ്ട് വേണമെങ്കിലും ഇക്കാര്യം അന്വേഷിപ്പിക്കാം,’ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫീസര്‍ അടക്കം കേന്ദ്ര സര്‍ക്കാരിന് കീഴില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബി.ടെക്ക് മെക്കാനിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ക്ഷണിച്ച തസ്തികയാണിത്.

എം.ടെക്കുള്ളവര്‍ക്ക് ഷോട്ട് ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായിരുന്നു ഈ തസ്തിക സംവരണം ചെയ്തത്. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ഘട്ടത്തില്‍ 43 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ടാണ് പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ അവസാനം ലാബ് പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ചത് കെ. സുരേന്ദ്രന്‍ മകന്‍ ഹരികൃഷ്ണന്‍ കെ.എസാണ്.

എന്നാല്‍ ഇതുസംബന്ധിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിവരം തസ്തികയിലേക്ക് നിയമനം നടന്നിട്ടില്ല എന്നതാണ്. അതേസമയം, ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍.ജി.സിയില്‍ നിയമനം ലഭിച്ചെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ 70,000 രൂപയാണ് ഇദ്ദേഹത്തിന് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നാണ് ആര്‍.ജി.സി.ബിയുടെ വിശദീകരണം.

Content Highlight: Illegal appointment of BJP Leader K Surendran’s son; DYFI march for demanding investigation