ന്യൂദല്‍ഹി: തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറി വിജയം കൊയ്ത നായികയാണ് ഇലിയാന ഡിക്രൂസ്. അഭിനയിച്ച എല്ലാ ഭാഷകളിലും താരത്തിന് ആരാധകരുമുണ്ട്. എന്നാല്‍ തന്നെയിന്ന് സുന്ദരിയെന്ന് വിളിക്കുന്നവരോട് ഇലിയാനയ്ക്ക് പറയാനൊരു കഥയുണ്ട്. തന്റെ ശരീരത്തെ ഓര്‍ത്ത് വിലപിച്ച ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച കാലത്തെ കുറിച്ച്.
ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയ്ക്ക് അടിമയായിരുന്നു താന്‍ എന്നാണ് ഇലിയാനയുടെ വെളിപ്പെടുത്തല്‍. ദല്‍ഹിയില്‍ നടന്ന 21ാമത് ലോക മാനസിക ആരോഗ്യ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഇലിയാന മനസു തുറന്നത്.
താന്‍ വളരെ സെല്‍ഫ് കോണ്‍ഷ്യസ് ആയിരുന്നുവെന്നും എല്ലാവരാലും അംഗീകരിക്കപ്പെടണമെന്നും ആഗ്രഹിച്ചിരുന്നതായും താരം പറയുന്നു. “എനിക്കെപ്പോഴും വിഷമമായിരുന്നു. എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ ആണെനിക്ക് എന്നു മനസിലായത്.” താരം പറയുന്നു.
“ഒരിടയ്ക്ക് ഞാന്‍ സ്വയം ജീവന്‍ അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചിരുന്നു. എന്നാല്‍ സ്വയം അംഗീകരിച്ചതോടെ എല്ലാം മാറി. വിഷാദ രോഗത്തിനെതിരെയുള്ള എന്റെ ആദ്യ ചുവടുവെപ്പായിരുന്നു ആ അംഗീകരിക്കല്‍.” ഇലിയാന കൂട്ടിച്ചേര്‍ക്കുന്നു.
വിഷാദ രോഗം ഒരു യാഥാര്‍ത്ഥ്യമാണെന്നും അതിനാല്‍ എല്ലാം ശരിയാകുമെന്ന് കരുതി വെറുതെ ഇരിക്കരുതെന്നും വേണ്ട സഹായം തേടണമെന്നും താരം പറഞ്ഞു. അപൂര്‍ണ്ണത ജീവിതത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട നടി അപൂര്‍ണ്ണതയിലാണ് സൗന്ദര്യമെന്നും സ്വയം അംഗീകരിക്കാനും അഭിനന്ദിക്കാനും ശീലിക്കണമെന്നും അഭിപ്രായപ്പെട്ടു.
താരങ്ങളായ തങ്ങളെ എല്ലാവരും സുന്ദരികളെന്ന് പറയുമ്പോള്‍ രണ്ട് മണിക്കൂറോളം ഒരുങ്ങിയിട്ടാണ് തയ്യാറാകുന്നതെന്ന് ഓര്‍ക്കണമെന്നും ഇലിയാന പറഞ്ഞു. സ്വയം ഇഷ്ടപ്പെടണമെന്നും ഉള്ളില്‍ നിന്നും സന്തുഷ്ടരാണെങ്കില്‍ പിന്നെ നിങ്ങളുടെ ചിരിയേക്കാള്‍ സുന്ദരമായ മറ്റൊന്നുമില്ലെന്നും താരം അഭിപ്രായപ്പെട്ടു.