തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ചൊവ്വാഴ്ച എല്‍.ഡി.എഫ് യോഗം ചേരും. എന്നാല്‍ നിര്‍ണായക യോഗത്തിലേക്ക് ഐ.എന്‍.എല്‍ നേതാക്കളെ ക്ഷണിച്ചിട്ടില്ല.
നേതാക്കളെ മാറ്റി നിര്‍ത്തി എല്‍.ഡി.എഫ് യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മാത്രം പങ്കെടുക്കട്ടെ എന്നാണ് മുന്നണി നിലപാട്.
പാര്‍ട്ടിയിലെ ഇരു വിഭാഗവും ഒന്നിച്ചുനില്‍ക്കാതെ ബലപരീക്ഷണവുമായി മുന്നോട്ടു നീങ്ങിയാല്‍ മന്ത്രിസ്ഥാനം തിരിച്ചെടുക്കാനാണ് സി.പി.ഐ.എം ആലോചന.
ഭിന്നിച്ചു നില്‍ക്കുന്ന ഇരു കൂട്ടരെയും വേണ്ടെന്ന നിലപാടിലാണ് സി.പി.ഐയും. മുന്നണിയിലേക്ക് ഔദ്യോഗിക പ്രവേശനം നടന്നതിനു പിറകെ, ഒരു എം.എല്‍.എ മാത്രമുള്ള ഐ.എന്‍.എല്ലിന് മന്ത്രിസ്ഥാനം നല്‍കുന്നതിനോട് തുടക്കത്തില്‍ തന്നെ സി.പി.ഐ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നീണ്ട കാലയളവിന് ശേഷം മുന്നണിയില്‍ പ്രവേശിച്ച ഐ.എന്‍.എലിനെ ഒരു ബാധ്യതയായാണ് ഇടതുമുന്നണി ഇപ്പോൾ കാണുന്നത്.
വൈകീട്ട് നാലിന് എ.കെ.ജി സെന്ററിലാണ് യോഗം. രജ്യസഭയില്‍ ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ട് സീറ്റുകളില്‍ നാല് പാര്‍ട്ടികളാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ലമെന്റല്‍ പാര്‍ട്ടി എം.പിമാരുടെ എണ്ണം ആകാവുന്നിടത്തോളം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് സി.പി.ഐ.എമ്മിന്.
എം.വി. ശ്രേയംസ്‌കുമാറിന്റെ ഒഴിവിലേക്ക് എല്‍.ജെ.ഡി അവകാശവാദമുന്നയിച്ച് കഴിഞ്ഞു. സി.പി.ഐ, എന്‍.സി.പി, ജെ.ഡി.എസ് എന്നി പാര്‍ട്ടികളും ഒരു സീറ്റ് വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.ഐ.എം പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ യുവാക്കളും മുതിര്‍ന്ന നേതാക്കളുമുണ്ട്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതാവ് എ.എ. റഹിം, വി.പി. സാനു, ചിന്താ ജെറോം എന്നിവരാണ് യുവാക്കളുടെ പട്ടികയില്‍.
CONTENT HIGHLIGHTS: LDF will meet on Tuesday to decide the candidates for the Rajya Sabha. INL leaders were not invited to the crucial meeting.