റയല്‍ മാഡ്രിഡിന്റെ തുര്‍ക്കി യുവതാരം അര്‍ദ ഗുലറിനെ സംസാരിച്ചിരിക്കുകയാണ് ബാഴ്സലോണയുടെ ജര്‍മന്‍ താരമായ ലൈകായ് ഗുണ്ടോഗന്‍.
അര്‍ദ ഗുലറിനെ റയല്‍ മാഡ്രിഡിന്റെ മുന്‍ ജര്‍മന്‍ താരമായ മെസ്യൂട് ഓസിലുമായി താരതമ്യം ചെയ്യുകയായിരുന്നു ഗുണ്ടോഗന്‍.
‘ഗുലര്‍ റയല്‍ മാഡ്രിഡിലേക്കാണ് പോയത്. അവന്‍ നല്ല കഴിവുള്ള ഫുട്‌ബോള്‍ താരമാണ്. എന്നാല്‍ അര്‍ദക്ക് പരിക്കുകള്‍ കാരണം സീസണില്‍ മികച്ച തുടക്കം നല്‍കാന്‍ സാധിച്ചിട്ടില്ല. ഓസിലിനോട് സാമ്യമുള്ള ഒരു തുര്‍ക്കിഷ് ഫുട്‌ബോള്‍ താരം ഉണ്ടെങ്കില്‍ ഞാന്‍ ആദ്യത്തെ പേര് അര്‍ദ ഗുലര്‍ എന്നാണ് പറയുക. അവന്റെ ഭാവി മികച്ചതാവുമെന്ന് ഞാന്‍ കരുതുന്നു,’ ഗുണ്ടോഗന്‍ ടര്‍ക്കിഷ് ഔട്ട്‌ലെറ്റായ എ.എ സ്‌പോറിനോട് പറഞ്ഞു.
ഈ സമ്മറില്‍ ടര്‍ക്കിഷ് ക്ലബ്ബായ ഫെനര്‍ബാഷില്‍ നിന്നുമാണ് അര്‍ദ ഗുലര്‍ സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുന്നത്. വണ്ടര്‍ കിഡിന്റെ വരവോടുകൂടി പല പ്രമുഖ താരങ്ങളും ഗുലറിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
ഫെര്‍നെര്‍ബാഷിനായി 49 മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് അര്‍ദ നേടിയിട്ടുള്ളത്.
എന്നാല്‍ റയല്‍ മാഡ്രിഡില്‍ ഗുലര്‍ പരിക്കിന്റെ പിടിയിലാണ്. ഓഗസ്റ്റില്‍ കാല്‍മുട്ടിനേറ്റ പരിക്കിന് പിന്നാലേ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഗുലര്‍ പരിക്കിന്റെ പിടിയില്‍ നിന്നും മുക്തനായി വൈകാതെ റയല്‍ മാഡ്രിനൊപ്പം പന്ത് തട്ടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം മെസ്യൂട് ഓസില്‍ റയല്‍ മാഡ്രിഡില്‍ അവിസ്മരണീയമായ ഒരു കരിയര്‍ പടുത്തുയര്‍ത്തിയിരുന്നു. ലോസ് ബ്ലാങ്കോസിനൊപ്പം 159 മത്സരങ്ങളില്‍ നിന്നും 27 ഗോളുകളും 81 അസിസ്റ്റുകളുമാണ് ഓസില്‍ നേടിയിട്ടുള്ളത്.
നിലവില്‍ റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ 13 മത്സരങ്ങളില്‍ നിന്നും 32 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ലാ ലിഗയില്‍ നവംബര്‍ 26ന് കാഡിസുമായാണ് റയാലിന്റ അടുത്ത മത്സരം.
Content Highlight: Ilkay Gundogan camapred Arda Guler like Mesut Ozil.