| Friday, 17th December 2021, 4:06 pm

ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമര്‍; ഇസ്‌ലാമോഫോബിയക്കെതിരെ അമേരിക്കയില്‍ ശബ്ദമാകുന്ന സൊമാലിയന്‍ മുസ്‌ലിം വനിത

നീതു രമമോഹന്‍

അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമോഫോബിയ തടയുന്നതിന് ബില്‍ പാസാക്കിയിരിക്കുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ജനപ്രതിനിധിസഭ. 212നെതിരെ 219 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു ബില്‍ സഭ അംഗീകരിച്ചത്. അമേരിക്കയില്‍ ഇസ്‌ലാമോഫോബിയ നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനുമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാനും ഇസ്‌ലാമോഫോബിയ വിരുദ്ധ ഓഫീസുകള്‍ സ്ഥാപിക്കാനും ബില്ലില്‍ അനുശാസിക്കുന്നുണ്ട്.

ബില്ലില്‍ ഇനി പ്രസിഡന്റ് ജോ ബൈഡന്‍ കൂടെ ഒപ്പുവെക്കണം. എല്ലാ മതങ്ങളും തുല്യമായി പരിഗണിക്കപ്പെടണമെന്ന് ചൊവ്വാഴ്ച വൈറ്റ്ഹൗസ് പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ബൈഡന്‍ അനുകൂല നിലപാട് തന്നെ സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ ബില്ലിനൊപ്പം, അത് സഭയില്‍ അവതരിപ്പിച്ച യു.എസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ”ഇസ്‌ലാമോഫോബിയ ലോകവ്യാപകമായുണ്ട്. അതിനാല്‍ അതിനെ ചെറുക്കുന്നതിന് ലോകമെമ്പാടുമുള്ള ശ്രമങ്ങള്‍ക്ക് നമ്മള്‍ നേതൃത്വം നല്‍കണം,” ഇല്‍ഹാന്‍ ഒമര്‍ ജനപ്രതിനിധി സഭയില്‍ പറഞ്ഞു.

                                                                    ഇല്‍ഹാന്‍ ഒമര്‍

മിനിസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗമായ ഒമര്‍ തന്റെ നിലപാടുകളുടെ പേരില്‍ ഇതാദ്യമായല്ല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.

ലോകത്ത് ഇന്ന് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന മതമായി ഇസ്‌ലാം മാറുകയും ഇസ്‌ലാമോഫോബിയ എന്നത് ഭീതിതമാം വിധം വിവിധ ലോകരാജ്യങ്ങളില്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു ബില്‍ അവതരിപ്പിച്ച് അമേരിക്കന്‍ നിയമനിര്‍മാണ ചരിത്രത്തില്‍ ഇല്‍ഹാന്‍ ഒമര്‍ ഇടംനേടിയത്. ഇതിലൂടെ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളുടെ ശബ്ദം കൂടിയായി മാറിയിരിക്കുകയാണ് ഒമര്‍.

യു.എസ് കോണ്‍ഗ്രസിലെ ആദ്യ സൊമാലി-അമേരിക്കന്‍ സാന്നിധ്യമായ ഇല്‍ഹാന്‍ ഒമര്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത എന്ന ബഹുമതി റാഷിദ ത്‌ലയ്ബിനൊപ്പം പങ്കുവെക്കുക കൂടി ചെയ്യുന്നുണ്ട്. ആഫ്രിക്കന്‍ വംശജരുടെയും മുസ്‌ലിങ്ങളുടെയും വനിതകളുടെയും അഭയാര്‍ത്ഥികളുടെയും എല്‍.ജി.ബി.ടി കമ്യൂണിറ്റിയുടെയും അവകാശങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയാണ് ഇല്‍ഹാന്‍ ഒമര്‍.

കിഴക്കന്‍ ആഫ്രിക്കയില്‍ ജനിച്ച്, അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ഇസ്‌ലാമോഫോബിയ വിരുദ്ധവും എല്‍.ജി.ബി.ടി അനുകൂലവുമായ ശബ്ദമായി വളര്‍ന്ന ഒമറിന്റെ ജീവിതം ഒരു മുസ്‌ലിം വനിതയുടെ രാഷ്ട്രീയവിജയത്തിന്റെ ചിത്രം കൂടിയാണ്.

2019 ജനുവരി മുതല്‍ മിനിസോട്ടയില്‍ നിന്നുള്ള പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമര്‍ 1982 ഒക്ടോബര്‍ നാലിന് സൊമാലിയയിലെ മൊഗാഡിഷുവിലാണ് ജനിച്ചത്.

സൊമാലിയന്‍ ആഭ്യന്തരയുദ്ധം കാരണം ചെറുപ്പത്തില്‍ തന്നെ കുടുംബത്തോടൊപ്പം കെനിയയിലേയ്ക്ക് രക്ഷപ്പെട്ട ഒമര്‍ നാല് വര്‍ഷത്തോളം അവിടെ അഭയാര്‍ത്ഥി ക്യാംപിലാണ് കഴിഞ്ഞത്. പിന്നീട് 1995ല്‍ ഒമര്‍ കുടുംബത്തോടൊപ്പം തന്നെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ അഭയം തേടിയെത്തുകയായിരുന്നു.

വിര്‍ജീനിയയിലെ സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത്, തന്റെ വേറിട്ട് നില്‍ക്കുന്ന സൊമാലിയന്‍ രൂപഭംഗിയുടെ പേരിലും ഹിജാബ് ധരിച്ചതിന്റെ പേരിലും നേരിടേണ്ടി വന്ന ഭീഷണികളേയും ചൂഷണത്തേയും ഉപദ്രവത്തേയും കുറിച്ച് ചെറിയ പ്രായത്തില്‍ തന്നെ തുറന്ന് സംസാരിക്കുകയും അതുവഴി തന്റെ രാഷ്ട്രീയവും നിലപാടുകളും പ്രതിഫലിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഇല്‍ഹാന്‍ ഒമര്‍.

2000ല്‍ തന്റെ 17ാം വയസില്‍ അമേരിക്കന്‍ പൗരത്വം നേടിയ ഒമര്‍, പൊളിറ്റിക്കല്‍ സയന്‍സിലും ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും ബിരുദധാരി കൂടിയാണ്.

കമ്യൂണിറ്റി ന്യൂട്രീഷന്‍ എജുക്കേറ്റര്‍, തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ മാനേജര്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകളില്‍ പോളിസി ഇനീഷ്യേറ്റീവ് ഡയറക്ടര്‍ തുടങ്ങി നിരവധി റോളുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഒമര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.

അമേരിക്കയിലെ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുള്ള ഒമറിനെ ‘പ്രോഗ്രസീവ് റൈസിങ് സ്റ്റാര്‍’ എന്നായിരുന്നു അമേരിക്കന്‍ പത്രമായ റോള്‍ കോള്‍ 2018ല്‍ വിശേഷിപ്പിച്ചത്.

2019ല്‍ മിനിസോട്ടയില്‍ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയില്‍ (ഡി.എഫ്.എല്‍.പി) നിന്നും മിനിയപൊലിസിനെ പ്രതിനിധീകരിച്ച് 2017 മുതല്‍ 2019 വരെ മിനിസോട്ട ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലും അംഗമായിരുന്നു ഒമര്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോണ്‍ഗ്രഷണല്‍ പ്രോഗ്രസീവ് കോക്കസ് വിഭാഗത്തിന്റെ വിപ്പ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ മിനിമം വേതന വര്‍ധനവ്, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ എന്നിവയ്ക്കായി ഈ സമയം ഒമര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായ, വെളുത്ത വര്‍ഗക്കാരല്ലാത്ത നാല് സ്ത്രീകളുടെ കൂട്ടായ്മയിലൂടെയായിരുന്നു ഒമറിന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകേന്ദ്രീകൃതമായത്. സ്‌ക്വാഡ് (Squad) എന്ന് പേരിട്ട ഈ അമേരിക്കന്‍ വനിതാ രാഷ്ട്രീയക്കാരുടെ നാല്‍വര്‍സംഘം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എല്ലാ അര്‍ത്ഥത്തിലുമുള്ള ‘പ്രോഗ്രസീവ് വിങ്’ ആയിരുന്നു.

അമേരിക്കയിലും പ്രത്യേകിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയിലും നിലനിന്ന് പോന്നിരുന്ന പരമ്പരാഗത രീതികളെയെല്ലാം മാറ്റിമറിച്ച് പുതിയ കാലത്തിനാവശ്യമായ രാഷ്ട്രീയത്തെ സ്‌ക്വാഡ് മുന്നോട്ടുവെച്ചു. സ്ക്വാഡിലെ അംഗങ്ങലുടെ പിന്തുണയോടെ, സംയുക്തമായായിരുന്നു ഒമറിന്റെ മിക്ക രാഷ്ട്രീയ ഇടപെടലുകളും. മാറുന്ന തലമുറയെയും അവരുടെ ചിന്തകളെയും പ്രതിനിധീകരിച്ചാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഒമറിന്റെ കടുത്ത വിമര്‍ശനത്തിന് വിധേയമായ രാജ്യങ്ങളുടെ കണക്കെടുത്താലും അത് നീണ്ടുപോകും. ചൈന, സൗദി അറേബ്യ, ഇസ്രഈല്‍ എന്നീ വന്‍ ശക്തികള്‍ മുതല്‍ കുഞ്ഞ് ഏഷ്യന്‍ രാജ്യമായ ബ്രൂണെയ്‌യും സ്വന്തം രാജ്യമായ അമേരിക്കയും ഒമറിന്റെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

പലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുകയും ഇസ്രഈലിനെ നിരന്തരം വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരില്‍ സയണിസ്റ്റ് ലോബിയുടെ കണ്ണിലെ കരടായി മാറുകയും ഇസ്രഈലില്‍ പ്രവേശിക്കുന്നതിന് നിരോധനം നേരിടുകയും ചെയ്തയാളാണ് ഒമര്‍. 2019 ഓഗസ്റ്റിലാണ് ഇസ്രഈലില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒമറിനെ വിലക്കിയത്.

ഇസ്രഈലിന്റെ ഫലസ്തീനിലെ സെറ്റില്‍മെന്റ് പോളിസിയെയും പട്ടാള അധിനിവേശത്തിനേയും എതിര്‍ക്കുന്നതിനൊപ്പം ഇസ്രഈലിനെതിരായ ‘ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്റ്, സാംഗ്ഷന്‍സ്’ എന്ന ഫലസ്തീന്‍ മൂവ്‌മെന്റിനെ പിന്തുണക്കുകയും ചെയ്തു.

ഇസ്രഈലിനെതിരെ മാത്രമല്ല, സൗദി അറേബ്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും യെമനിലെ ഇടപെടലുകള്‍ക്കുമെതിരെ ഒമര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഉയിഗര്‍ മുസ്‌ലിം വിരുദ്ധ നടപടികളേയും ലോകത്തിന് മുന്നില്‍ വിമര്‍ശിക്കാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല.

ധരിച്ച ഹിജാബിന്റെയും സ്വയമെടുത്ത നിലപാടുകളുടെയും പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട വനിത കൂടിയാണ് ഇവര്‍. അമേരിക്കന്‍ കോണ്‍ഗ്രസിനകത്തും പുറത്തും അവര്‍ നിരന്തരമായി മുസ്‌ലിങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു.

ഇസ്‌ലാമോഫോബിയക്കെതിരെ അമേരിക്കയില്‍ ശബ്ദമുയര്‍ത്തുക മാത്രമല്ല, അമേരിക്ക പശ്ചിമേഷ്യയില്‍ നടത്തുന്ന യുദ്ധസമാന ഇടപെടലുകള്‍ക്കെതിരെയും അവര്‍ നിരന്തരം സംസാരിച്ചു പോന്നു. ”ഞാന്‍ അടക്കുന്ന നികുതി യെമനില്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നല്ലോ എന്നറിയുമ്പോള്‍ ഹൃദയം നുറുങ്ങുന്നു,” എന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞു.

യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശത്രുക്കളുടെ ലിസ്റ്റില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം ഒമര്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഭരണസമയത്ത് നിരവധി വധഭീഷണികളും ഒമറിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ട്രംപ് പലതവണ ഇവര്‍ക്കെതിരായി രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ”എവിടെ നിന്നാണോ അവര്‍ വരുന്നത്, അവിടേക്ക് തന്നെ അവര്‍ തിരിച്ച് പോകണം,” എന്നായിരുന്നു ട്രംപ് 2019 ജൂലൈയില്‍ ഒമറിനെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇതൊന്നും രാഷ്ട്രീയപരമായി ഒമറിനെ തെല്ലും തളര്‍ത്തിയിരുന്നില്ല എന്ന് വേണം ഇപ്പോള്‍ പാസായിരിക്കുന്ന ബില്ലിലൂടെ മനസിലാക്കാന്‍.

2021 ജനുവരി ഏഴിന് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ആര്‍ട്ടിക്കിള്‍സ് ഓഫ് ഇംപീച്ച്‌മെന്റ് അവതരിപ്പിച്ച് 13 ജനപ്രതിനിധികളെ നയിച്ചതും ഒമറായിരുന്നു എന്നതും ആ നിശ്ചയദാര്‍ഢ്യത്തിന് തെളിവാണ്.

എല്‍.ജി.ബി.ടി കമ്യൂണിറ്റിക്ക് വേണ്ടി ഒമര്‍ എടുത്തിട്ടുള്ള നിലപാടുകളും പ്രശംസനീയമാണ്.

സ്വവര്‍ഗപ്രേമികള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം പാസാക്കിയതിന്റെ പേരില്‍ ബ്രൂണെയ് എന്ന ഏഷ്യന്‍ രാജ്യത്തിനെതിരായി 2019 മേയില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഒമര്‍ ബില്ലവതരിപ്പിച്ചിരുന്നു. സ്വവര്‍ഗലൈംഗിക ബന്ധവും വിവാഹേതര ലൈംഗികബന്ധവും വധശിക്ഷക്ക് വിധേയമാക്കണമെന്ന പ്രാകൃതവും ക്രൂരവുമായ നിയമത്തിനെതിരെയായിരുന്നു അവര്‍ ബില്‍ അവതരിപ്പിച്ചത്.

അത്തരത്തില്‍ നിയമം നടപ്പാക്കുന്ന ഹസനല്‍ ബൊല്‍ക്യയുടെ കീഴിലുള്ള ബ്രൂണെയ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്കയുമായി ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും നിരോധിക്കണെന്നായിരുന്നു ബില്ലില്‍ പറഞ്ഞത്.

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ഒമര്‍ ചെയ്തത്. യു.എസിലെ എല്‍.ജി.ബി.ടി വിഭാഗങ്ങളുടെ പ്രൈഡ് മാര്‍ച്ചുകളിലും റാലികളിലും നിരന്തരം പങ്കെടുക്കുന്നയാള്‍ കൂടിയാണ് ഈ സൊമാലിയന്‍-അമേരിക്കന്‍ രാഷ്ട്രീയപ്രവര്‍ത്തക.

സൊമാലിയയില്‍ നിന്നും, അവിടത്തെ ആഭ്യന്തരയുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട്, അഭയാര്‍ത്ഥിയായി അമേരിക്കയിലെത്തിയ ഒരു പെണ്‍കുട്ടി ഇന്ന് ലോകത്തിന് മുന്നില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖമായി മാറുന്നുണ്ടെങ്കില്‍, ‘അഭയാര്‍ത്ഥികള്‍’ എന്ന് ലോകം വിളിക്കുന്ന വലിയൊരു വിഭാഗത്തിനുള്ള അംഗീകാരം കൂടിയാണത്.

മ്യാന്‍മര്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, എത്യോപ്യ, കെനിയ തുടങ്ങി ഇന്നും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ആഭ്യന്തരവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ കാരണം ആയിരക്കണക്കിന് ജനങ്ങള്‍ അഭയാര്‍ത്ഥികളായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. അമേരിക്ക ഇവരില്‍ പലരുടെയും പ്രധാന ലക്ഷ്യമായി മാറുന്നതിനും ഇല്‍ഹാന്‍ ഒമറിനെ പോലുള്ള കാരണങ്ങളുണ്ട്.

പല രാജ്യങ്ങളിലും അവിടത്തെ ജനസംഖ്യയോടൊപ്പം തന്നെ അഭയാര്‍ത്ഥികളുടെ എണ്ണവും വളരുമ്പോള്‍ ലോകരാഷ്ട്രീയത്തെയും ലോകനേതാക്കളുടെ നിലപാടുകളെയും സ്വാധീനിക്കാന്‍ പോന്ന വിഭാഗമായി, ശക്തിയായി അവര്‍ വളരുന്ന കാര്യം അവണിക്കാനാവില്ല.

രാഷ്ട്രീയത്തിലായാലും സിനിമയിലായാലും സ്‌പോര്‍ട്‌സിലായാലും ആര്‍ക്കും പിന്നിലാവാതെ, എത്തിപ്പെടുന്ന രാജ്യത്തും വ്യക്തിമുദ്ര പതിപ്പിക്കുന്ന നൂറുകണക്കിന് അഭയാര്‍ത്ഥികളെ പ്രതിനിധീകരിച്ചാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ന് ഇല്‍ഹാന്‍ ഒമര്‍ നില്‍ക്കുന്നത്.

അമേരിക്കക്ക് മാത്രമല്ല, ലോക രാഷ്ട്രീയ ഭൂപടത്തില്‍ തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അനിവാര്യ ശബ്ദമാണ് ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമറിന്റേതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ilhan Omar, the Somalian Muslim woman who grew to become the face of American politics

നീതു രമമോഹന്‍

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more