ന്യൂദല്‍ഹി: ഐ.എല്‍&എഫ്.എസ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളുടെ പണം കോര്‍പ്പറേറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയായിരുന്നു മോദിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 70,000 കോടി രൂപയാണ് ഐ.എല്‍&എഫ്.എസിന് നല്‍കിയത്. മാത്രമല്ല ഇതേ കമ്പനിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനായി 91,000 കോടി രൂപ മോദി അനധികൃതമായി അനുവദിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സ്വകാര്യ മേഖലയിലെ പ്രമുഖ അടിസ്ഥാന സൗകര്യവികസന ധനകാര്യ കമ്പനിയാണ് ഐ.എല്‍&എഫ്.എസ്. ഓഗസ്റ്റ് 27 മുതല്‍ കമ്പനി വായ്പാ തിരിച്ചടവ് മുടക്കിയതോടെയാണ് കമ്പനിയിലെ വായ്പാ പ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞത്. 91000 കോടി രൂപയുടെ കടബാധ്യതായണ് ഐ.എല്‍&എഫ്.എസിന് ഉള്ളത്.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സംശയത്തിന്റെ നിഴലിലാക്കുന്ന കാര്യങ്ങളാണ് ഐ.എല്‍&എഫ്.എസില്‍ നടക്കുന്നതെന്ന ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയ്ക്ക് ഇത്രയും വലിയ തുക അനുവദിച്ചത് മോദിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ രംഗത്തെത്തിയത്.
എല്‍.ഐ.സിക്കെതിരെയും രാഹുല്‍ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ഐ.എല്‍&എഫ്.എസിനെ സഹായിക്കാനായി എല്‍.ഐ.സിയെ കൂട്ടുപിടിച്ച് ജനങ്ങളുടെ പണം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഐ.എല്‍&എഫ്.എസ് എന്നാല്‍ മോദിയുടെ ഭാഷയില്‍ ഐ ലവ് ഫിനാന്‍ഷ്യല്‍ സ്‌കീംസ് എന്നാണെന്നും രാഹുല്‍ പറഞ്ഞു.