ചെന്നൈ: പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന വാര്‍ത്തയ്‌ക്കെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. താന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പ്രചരിക്കുന്നത് വ്യാജമാണെന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും ഇളയരാജ പറഞ്ഞു.
താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇളയരാജ പറഞ്ഞു.
ഡിസംബറില്‍ പ്രസാദ് സ്റ്റുഡിയോയിലെ തന്റെ മുറി ഇളയരാജ ഒഴിഞ്ഞു കൊടുത്തിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളും മറ്റ് വസ്തുക്കളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. 30 വര്‍ഷത്തോളമായി സ്റ്റുഡിയോയിലെ മുറിയിലാണ് ഇളയരാജ റെക്കോര്‍ഡിങ്ങ് നടത്തിയിരുന്നത്.
സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍.വി പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഇളയരാജ സ്റ്റുഡിയോ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ 30 വര്‍ഷത്തിലേറെയായി താന്‍ ജോലി ചെയ്തിരുന്ന സ്റ്റുഡിയോയില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തും ആ മുറിയില്‍ ധ്യാനം ചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. തങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ തീരുമാനമെടുത്തതിനെത്തുടര്‍ന്ന് ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക