ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറും തമ്മില്‍ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്ന് സംഗീത സംവിധായകന്‍ ഇളയരാജ.
ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.
സമൂഹത്തില്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.
മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്‌നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞു.
മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന മുത്തലാഖ് നിരോധനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൊണ്ടുവന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ വഴി അംബേദ്കര്‍ക്ക് മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ പറഞ്ഞു.
എന്നാല്‍, മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്തതില്‍ ഇളയരാജക്കെതിരെ വിമര്‍ശനവുമായി ഡി.എം.കെ രംഗത്തെത്തി. അംബേദ്കര്‍ വര്‍ണവിവേചനവും മനുധര്‍മവും അടിച്ചമര്‍ത്തിയ ദളിതരുടെ ജീവിതത്തിന് വേണ്ടി പോരാടിയിരുന്നുവെങ്കില്‍ മോദി മനുധര്‍മത്തിന്റെ വക്താവാണെന്നും ഡി.എം.കെ ആരോപിച്ചു.
CONETNT HIGHLIGHT: Ilayaraja Compares Narendra Modi With DR. B.R. Ambedkar In Foreword To Book!