| Monday, 20th December 2021, 11:48 pm

28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയരാജയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു; സംവിധാനം ബോളിവുഡ് സംവിധായകന്‍ എന്നും റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: 28 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഇളയരാജയും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശിവ സംവിധാനം ചെയ്ത അണ്ണാത്തെയ്ക്ക് ശേഷം രജനി നായകനാവുന്ന ചിത്രത്തിലാണ് ഇളയരാജ സംഗീതസംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. 1994ല്‍ ‘വീര’ എന്ന ചിത്രത്തിലാണ് രജനികാന്തും ഇളയരാജയും അവസാനമായി ഒന്നിച്ചത്.

രജനിയുടെ 169 ാം ചിത്രം ബോളിവുഡ് സംവിധായകനായ ബാല്‍കിയായിരിക്കും ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദിയില്‍ ‘ചീനി കം’, ‘പാ’, ‘ഷമിതാഭ്’, ‘പാഡ്മാന്‍’, ‘മിഷന്‍ മംഗള്‍’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ തയ്യാറാക്കിയ അദ്ദേഹം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘ചപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്’ എന്ന സിനിമയുടെ പണിപുരയിലാണ്.

നേരത്തെ ബാല്‍കി രജനികാന്തിനെ സന്ദര്‍ശിച്ചിരുന്നു. ‘തലൈവര്‍ 169’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദുല്‍ഖറിന്റെ തന്നെ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദേസിംഗ് പെരിയസാമി, കാര്‍ത്തിക് സുബ്ബരാജ് , വെങ്കട്ട് പ്രഭു , കെ.എസ്. രവികുമാര്‍ എന്നീ സംവിധായകരും രജനികാന്തിനോട് കഥ പറഞ്ഞിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Ilayaraja and Rajinikanth reunite after 28 years; The director is also reported to be a Bollywood director

We use cookies to give you the best possible experience. Learn more