'96ല്‍ തന്റെ പാട്ട് ഉപയോഗിച്ചത് പുതിയതുണ്ടാക്കാന്‍ കഴിവില്ലാത്തതുകൊണ്ട്'; ഗോവിന്ദ് വസന്തയ്‌ക്കെതിരെ ഇളയരാജ
Music
'96ല്‍ തന്റെ പാട്ട് ഉപയോഗിച്ചത് പുതിയതുണ്ടാക്കാന്‍ കഴിവില്ലാത്തതുകൊണ്ട്'; ഗോവിന്ദ് വസന്തയ്‌ക്കെതിരെ ഇളയരാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 9:14 pm

തമിഴ് സിനിമാലോകത്തിന് സംഗീതത്തിലൂടെ മാസ്മരിക നിമിഷങ്ങള്‍ സമ്മാനിച്ച പാട്ടിന്റെ പെരുന്തച്ചനാണ് ഇളയരാജ. സമീപകാല തമിഴ് ഹിറ്റുകളിലൊന്നായ ’96’ എന്ന ചിത്രത്തില്‍ തന്റെ പാട്ടുകള്‍ ഉപയോഗിച്ചതിനെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം. ചിത്രത്തില്‍ തന്റെ പാട്ടുകള്‍ പകര്‍ത്തിയതിന് കാരണം സംഗീത സംവിധായകന് സമാന നിലവാരമുള്ള പാട്ടുകളുണ്ടാക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. സിനിമാ നിരൂപകനും എഴുത്തുകാരനുമായ സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് ഇളയരാജ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മലയാളിയായ ഗോവിന്ദ് വസന്തയാണ് 96ന്റെ സംഗീത സംവിധായകന്‍. വിജയ് സേതുപതി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ നായിക ഇളയരാജയുടെ പാട്ടുകള്‍ പാടുന്നുണ്ട്. നായികാ നായകന്മാരുടെ ചെറുപ്പകാലം ഓര്‍ത്തെടുക്കുന്ന രംഗങ്ങളില്‍ ഇളയരാജയുടെ ഈരടികള്‍ നായികാ കഥാപാത്രം പാടുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെക്കുറിച്ചാണ് ഇളയരാജ വിമര്‍ശനമുന്നയിച്ചത്.

‘ഒരു കാലഘട്ടത്തിന്റെ കഥ പറയാന്‍ ആ സമയത്തെ പാട്ടുതന്നെ ഉപയോഗിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പുതിയ പാട്ടുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാതാവുമ്പോഴാണ് മുമ്പേതന്നെ പോപ്പുലറായ പാട്ട് ഉപയോഗിക്കുന്നത്. നിലവാരമുള്ള പാട്ടുകള്‍ നിര്‍മ്മിക്കാനുള്ള പ്രതിഭ ഇവരിലില്ലെന്നതാണ് പ്രധാന കാരണം’, ഇളയരാജയുടെ വിമര്‍ശനമിങ്ങനെ.

എന്നാല്‍ ചിത്രത്തില്‍ ഇളയരാജയുടെ പാട്ടുകള്‍ ഉപയോഗിച്ചതിന് അനുവാദം വാങ്ങിയിരുന്നെന്നും റോയല്‍റ്റി നല്‍കി, നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകന്‍ സി പ്രേം കുമാര്‍ പ്രതികരിച്ചെന്ന് ദ ന്യൂസ് മിനുട്ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ’96’ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിലാണ് ഇദ്ദേഹം. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത ഇളയരാജയുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. പാട്ട് ഉപയോഗിക്കുന്നതിലെ നിയമപരമായ അനുവാദം നേടിയിരുന്നെന്ന് ’96’ന്റെ അണിയറ പ്രര്‍ത്തകരില്‍ പലരും ട്വീറ്റ് ചെയ്യുകയും ചെയ്തു.

റോയല്‍റ്റി ഇല്ലാതെ പല ഗായകരും തന്റെ പാട്ടുകള്‍ പാടുന്നതിനെതിരെ ഇളയരാജ മുമ്പും രംഗത്ത് വന്നിരുന്നു. ’96’ ല്‍ പാട്ടുകള്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ചതിന് പിന്നാലെ ആരാധകരില്‍നിന്നടക്കം ഇളയരാജക്കെതിരെ ആക്ഷേപമുയരുന്നുണ്ട്. ഇളയരാജ തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ രണ്ടാമതും ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.