| Monday, 12th February 2024, 12:38 pm

നേരിട്ടത് ഒറ്റ ബോൾ മാത്രം, സ്വന്തമാക്കിയത് ഇതുവരെ ആർക്കുമില്ലാത്ത നേട്ടം; അഫ്ഗാൻ സൂപ്പർ താരത്തിന് പുതിയ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക മൂന്ന് ഏകദിനമത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ വിജയം. അഫ്ഗാനെ 155 റണ്‍സിനാണ് ലങ്ക പരാജയപ്പെടുത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ഇക്രം അലിഗില്‍. മത്സരത്തില്‍ ഒരു പന്തില്‍ നാല് റണ്‍സ് നേടികൊണ്ടാണ് താരം പുറത്തായത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ അഫ്ഗാന്‍ താരം ബൗണ്ടറി നേടുകയായിരുന്നു. 400 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ മത്സരത്തില്‍ താരം റണ്‍ ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കന്‍ താരം പ്രമോദ് മധുഷന്‍ ആയിരുന്നു ഇക്രമിനെ റണ്‍ ഔട്ട് ആക്കിയത്.

ഇതിന് പിന്നാലെ ഒരു അപൂര്‍വ നേട്ടമാണ് അലിഗില്‍ സ്വന്തമാക്കിയത്. പുരുഷ ഏകദിനത്തില്‍ ഒരു പന്തില്‍ നാല് റണ്‍സ് നേടി പുറത്താവുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇക്രം സ്വന്തമാക്കി മാറ്റിയത്.

അതേസമയം പല്ലെക്കലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്.

ലങ്കന്‍ ബാറ്റിങ് നിരയില്‍ ചരിത് അസലങ്ക 74 പന്തില്‍ പുറത്താവാതെ 97 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും രണ്ട് സിക്സുമാണ് അസലങ്കയുടെ ബാറ്റില്‍ നിന്നും പിറന്നത്.

അസലങ്കക്ക് പുറമെ നായകന്‍ കുശാല്‍ മെന്‍ഡിസ് 65 പന്തില്‍ 61 റണ്‍സും സധീര സമരവിക്രമ 61 പന്തില്‍ 52 റണ്‍സും ജനിത് ലിയനാഗെ 48 പന്തില്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 33.5 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ റഹ്‌മത്ത് ഷാ 69 പന്തില്‍ 63 റണ്‍സും ഇബ്രാഹിം സദ്രാന്‍ 76 പന്തില്‍ 54 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ശ്രീലങ്കയുടെ ബൗളിങ്ങില്‍ വനിന്ദു ഹസരങ്ക നാല് വിക്കറ്റും അസിതാ ഫെര്‍ണാണ്ടൊ, ദില്‍ശന്‍ മധുശങ്ക എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ശ്രീലങ്ക മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാന്‍ ലങ്കക്ക് സാധിച്ചു. ഫെബ്രുവരി 14ന് പല്ലെക്കലിലാണ് അവസാന മത്സരം നടക്കുക.

Content Highlight: Ikram Alikhil create a rare record in Odi.

We use cookies to give you the best possible experience. Learn more