കളിക്കളത്തിൽ റൊണാൾഡോയെക്കാൾ വേഗതയുള്ള താരം അവനാണ്: കസിയസ്
Football
കളിക്കളത്തിൽ റൊണാൾഡോയെക്കാൾ വേഗതയുള്ള താരം അവനാണ്: കസിയസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 9:36 am

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ ഏതുതാരമാണ് മികച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ഇതിഹാസ ഗോള്‍കീപ്പര്‍ ഐക്കര്‍ കസിയസ്. പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് സ്പാനിഷ് ഗോള്‍കീപ്പര്‍ മികച്ച താരമായി തെരഞ്ഞെടുത്തത്.

‘ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം മെസിയാണ്. അദ്ദേഹത്തെ റൊണാള്‍ഡോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. ആളുകള്‍ എല്ലായ്‌പ്പോഴും മെസിയെയും റൊണാള്‍ഡോയെയും കുറിച്ച് പറയുന്നു. മെസി പന്ത് കാലില്‍ കൊണ്ട് നടക്കുന്നവനാണ്. അദ്ദേഹം കളിക്കളത്തില്‍ മികച്ച വേഗതയുള്ള താരമാണ്. മെസിയുടെ ഷോട്ടുകളെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ട് ഞാന്‍ റൊണാള്‍ഡോക്ക് പകരം മെസിയെ തെരഞ്ഞെടുക്കും,’ ഐക്കര്‍ കസിയസ് ഡയറക്‌റ്റൊ ഗോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

അതേസമയം റൊണാള്‍ഡോയും കസിയസും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. റയലിനൊപ്പം ഒരുപിടി അവിസ്മരണീയ നിമിഷങ്ങളാണ് റൊണാള്‍ഡോയും കസിയസും സൃഷ്ടിച്ചത്. 2015ലാണ് സ്പാനിഷ് ഗോള്‍ കീപ്പര്‍ റയല്‍ മാഡ്രിഡ് വിട്ട് പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയിലേക്ക് കൂടുമാറുന്നത്.

 

Content Highlight: Iker Casillas Talks About The Diffrence Between Lionel Messi and Cristaino Ronaldo