| Thursday, 3rd October 2024, 4:45 pm

റൊണാള്‍ഡോയേക്കാളും സിദാനെക്കാളും മികച്ചവന്‍; റയല്‍ ഇതിഹാസത്തെ തെരഞ്ഞെടുത്ത് കസിയസ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് സ്പാനിഷ് ഇതിഹാസം ഐകര്‍ കസിയസ്. 2010ല്‍ സ്‌പെയ്‌നിനെ ലോക ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം റയല്‍ മാഡ്രിഡിനൊപ്പം പല തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും സൂപ്പര്‍ കപ്പും ക്ലബ്ബ് വേള്‍ഡ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ റയല്‍ മാഡ്രിഡിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുക്കുകയാണ് കസിയസ്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരവും റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനുമായ റൊണാള്‍ഡോയെയാണ് താരം തരെഞ്ഞെടുത്തത്.

സിനദിന്‍ സിദാന്‍, ലൂയീസ് ഫിഗോ അടക്കമുള്ള താരങ്ങളെക്കാള്‍ മുകളിലാണ് കസിയസ് റൊണാള്‍ഡോയെ പ്രതിഷ്ഠിച്ചത്.

90 മിനിട്ടിന് നല്‍കിയ അഭിമുഖത്തിലെ റാപിഡ് ഫയറിലാണ് താരം റൊണാള്‍ഡോയെ മികച്ച താരമായി തെരഞ്ഞെടുത്തത്. രണ്ട് താരങ്ങളുടെ പേര് പറഞ്ഞ് അതില്‍ മികച്ചതാര് എന്ന് ചോദിക്കുന്നതായിരുന്നു ഈ സെഷന്‍.

റോബര്‍ട്ടോ കാര്‍ലോസോ സെര്‍ജിയോ റാമോസോ എന്ന ചോദ്യത്തിന് റാമോസിനെ തെരഞ്ഞെടുത്ത കസിയസ്, സാബി അലോണ്‍സോ, കക്ക, ലൂകാ മോഡ്രിച്ച്, റൗള്‍, ലൂയീസ് ഫിഗോ എന്നിവരെക്കാളും മികച്ചതായി റാമോസിനെയാണ് തെരഞ്ഞെടുത്തത്.

എന്നാല്‍ അടുത്തതായി സിനദിന്‍ സിദാനെത്തിയതോടെ കസിയസ് ഫ്രഞ്ച് ഇതിഹാസത്തെ തെരഞ്ഞെടുക്കുകയായിരുന്നു.

സിദാനൊപ്പം ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയുടെ പേര് വന്നപ്പോഴും സിദാനൊപ്പം നിന്ന കസിയസ്, അവസാന പേരുകാരനായി സി.ആര്‍. 7 എത്തിയതോടെ ക്രിസ്റ്റ്യാനോയെ തെരഞ്ഞെടുത്തു.

നേരത്തെ മെസി vs ക്രിസ്റ്റ്യാനോ ഗോട്ട് ഡിബേറ്റിലും കസിയസ് തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. മെസിയുടേത് ബോണ്‍ ടാലന്റാണെന്നും എന്നാല്‍ റൊണാള്‍ഡോ അത് നേടിയെടുത്തതാണെന്നുമാണ് താരം പറഞ്ഞത്.

‘ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ മികച്ച താരമാകാനുള്ള ആഗ്രഹം അവന്റെ മനസിലുണ്ടായിരുന്നു, അവനത് നേടിയെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മെസിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അവന്‍ കുറച്ചുകൂടി മികച്ചതാണെന്ന് പറയേണ്ടി വരും. കാരണം മെസിയുടെ കഴിവിനെ കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്, എന്നാല്‍ ക്രിസ്റ്റ്യാനോ കഠിനാധ്വാനം ചെയ്താണ് മികച്ചതായി മാറിയത്.

ഈ രണ്ട് ഇതിഹാസ താരങ്ങളുടെയും മത്സരങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചതില്‍ നമ്മള്‍ ഏറെ ഭാഗ്യം ചെയ്തവരാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ക്രിസ്റ്റ്യാനോയെ കുറിച്ച് അറിയാത്തവര്‍ക്ക് അവന്‍ അഹങ്കാരിയും തന്റേടിയുമൊക്കെ ആയിരിക്കും. എന്നാല്‍ കാര്യങ്ങള്‍ അതിന്റെ നേര്‍ വിപരീതമാണ്,’ കസിയസ് പറഞ്ഞു.

Content highlight: Iker Casillas picks Cristiano Ronaldo as greatest Real Madrid star

We use cookies to give you the best possible experience. Learn more