മെസിയെക്കാള്‍ ഇഷ്ടം റോണോയെ; തുറന്നുപറഞ്ഞ് റയല്‍ മാഡ്രിഡ് ഇതിഹാസം
Football
മെസിയെക്കാള്‍ ഇഷ്ടം റോണോയെ; തുറന്നുപറഞ്ഞ് റയല്‍ മാഡ്രിഡ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th August 2023, 8:46 am

ലയണല്‍ മെസിയെക്കാളും തനിക്കിഷ്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണെന്ന് റയല്‍ മാഡ്രിഡ് ഇതിഹാസം ഇകര്‍ കാസിയസ്. റയല്‍ മാഡ്രിഡില്‍ റോണോയുടെ സഹതാരമായിരുന്നു കാസിയസ്.

ആധുനിക ഇതിഹാസങ്ങളായ മെസി, ക്രിസ്റ്റ്യാനോ എന്നിവരില്‍ ആരാണ് ഫേവറേറ്റ് എന്ന് ചോദിച്ചപ്പോഴാണ് കാസിയസ് റൊണാള്‍ഡോയുടെ പേര് പറഞ്ഞത്. റയല്‍ മാഡ്രിഡില്‍ 228 മത്സരങ്ങളില്‍ റോണോയും കാസിയസും ഒരുമിച്ച് ബൂട്ടുകെട്ടിയിട്ടുണ്ട്.

ഖത്തറില്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയതോടെ ഗോട്ട് ഡിബേറ്റിന് അറുതി വീഴുമെന്ന് കരുതിയിരുന്നെങ്കിലും റൊണാള്‍ഡോ കരിയറില്‍ നല്‍കിയ സംഭാവനകള്‍ സംവാദത്തിന് അറുതി വരുത്തുകയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

‘എനര്‍ജി സേവ് ചെയ്യാനല്ല’; മെസി കളത്തിലൂടെ ദീര്‍ഘ നേരം നടക്കുന്നതെന്തിന്?; ഗ്വാര്‍ഡിയോളയുടെ പ്രതികരണം വൈറല്‍
രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

Content Highlights: Ikar Casillas praises Lionel Messi