| Thursday, 14th November 2019, 11:14 am

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: രണ്ട് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്തു; സുദര്‍ശന്‍ പത്മനാഭന്‍ ഒളിവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തു.

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിലെ മുഖ്യപ്രതിയായ ഹ്യുമാനിറ്റീസ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവിലാണ്. ഫാത്തിമയുടെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇദ്ദേഹത്തിനെതിരെ ഫാത്തിമയുടെ സഹപാഠികള്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും.

ഐ.ഐ.ടിയില്‍ തന്റെ മകള്‍ക്ക് മതപരമായ പല വേര്‍തിരിവുകളും നേരിടേണ്ടി വന്നിരുന്നതായി മാതാവ് സജിത പറഞ്ഞിരുന്നു. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നെന്നും സജിത വ്യക്തമാക്കിയിരുന്നു.

ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫും പറഞ്ഞിരുന്നു ”ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നു.’

എന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോള്‍ എന്നും മെസ് ഹാളില്‍ ഇരുന്നു മകള്‍ കരയുമായിരുന്നു എന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സി.സി.ടി.വി പരിശോധിക്കണം”- അബ്ദുല്‍ ലത്തീഫ് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ എംഎ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more