| Friday, 7th April 2023, 8:40 am

ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; മദ്രാസ് ഐ.ഐ.ടി പ്രൊഫസര്‍ക്കെതിരെ ആരോപണവുമായി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഐ.ഐ.ടി മദ്രാസിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥി സച്ചിന്‍ കുമാര്‍ ജെയ്ന്‍ ആത്മഹത്യ ചെയ്തത് റിസര്‍ച്ച് ഗൈഡിന്റെ മാനസിക പീഡനം മൂലമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. യൂണിവേഴ്‌സിറ്റി അധ്യാപകനും പി.എച്ച്.ഡി ഗൈഡുമായ ആശിഷ് കുമാറിനെതിരെ സച്ചിന്‍ ജെയ്‌നിന്റെ സഹോദരന്‍ ഭാവേഷ് ജെയ്‌നാണ് ആരോപണവുമായി രംഗത്തെത്തിയത്.

തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്ത മാര്‍ച്ച് 31 രാവിലെ ഗൈഡായ ആശിഷ് കുമാറുമായി സംസാരിച്ചിരുന്നെന്നും അതിന് ശേഷമാണ് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത് ആത്മഹത്യ ചെയ്തതെന്നുമാണ് ഭാവേഷിന്റെ ആരോപണം. സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ കത്തിലാണ് ആശിഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ രംഗത്തെത്തിയത്.

ഐ.ഐ.ടി മദ്രാസ് രജിസ്ട്രാര്‍ക്കും ഡീനിനുമെഴുതിയ കത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

റിസര്‍ച്ചിന്റെ ഭാഗമായി തന്റെ സഹോദരന്‍ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്നും ഇത് മനസിലാക്കാതെ കൂടുതല്‍ വര്‍ക്കുകള്‍ കൊടുത്ത് കൊണ്ട് സച്ചിനെ ഗൈഡ് ബുദ്ധിമുട്ടിച്ചെന്നുമാണ് സഹോദരന്‍ പറയുന്നത്.

കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനായി സച്ചിന്‍ ചികിത്സ തേടിയിരുന്നതായും ഭാവേഷ് പറഞ്ഞു. സഹോദരന്റെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും റിസര്‍ച്ച് ഗൈഡ് സച്ചിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നും ലാബ് ഉപയോഗിക്കുന്നത് വിലക്കി റിസര്‍ച്ച് പേപ്പര്‍ വൈകിപ്പിച്ചെന്നുമാണ് ആരോപണമുള്ളത്.

‘മാര്‍ച്ച് 31, രാവിലെ ഒമ്പത് മണിക്ക് എന്റെ സഹോദരന്‍ അദ്ദേഹത്തിന്റെ റിസര്‍ച്ച് ഗൈഡ് ആശിഷ് കുമാറുമായി ലാബില്‍ ചെന്ന് സംസാരിക്കുകയുണ്ടായി. കൂടിക്കാഴ്ച്ചക്ക് ശേഷം കുറച്ചധികം സമയം അവന്‍ ലാബിനുള്ളില്‍ ചെലവഴിച്ചു.

ശേഷം 11.30ഓടെ തന്റെ താമസ സ്ഥലത്തെത്തിയ അവന്‍ 12മണിക്ക് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ലാബിനുള്ളില്‍ വെച്ച് എന്താണവര്‍ സംസാരിച്ചെന്നതില്‍ ദുരൂഹതയുണ്ട്,’ ഭാവേഷ് കുമാര്‍ കത്തില്‍ ആരോപിച്ചതായി ദി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

പരാതിക്ക് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രൊഫസര്‍ക്കെതിരെ ഉയരുന്നത്. രാജ്യത്തെ ഐ.ഐ.ടികളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐ.ഐ.ടി ബോംബെയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.

മാര്‍ച്ച് 31നാണ് ഐ.ഐ.ടി മദ്രാസിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട് മെന്റിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ സച്ചിന്‍ കുമാര്‍ ജെയ്‌നിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതിന് ശേഷമാണ് സച്ചിന്‍ ആത്മഹത്യ ചെയ്തത്.

ഈ വര്‍ഷം ഇതുവരെ ഐ.ഐ.ടി മദ്രാസില്‍ മൂന്ന് ഗവേഷണ വിദ്യാര്‍ത്ഥകളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഭാവേഷ് ജെയ്‌നിന്റെ പരാതി പുറത്ത് വന്നതോടെ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: IIT madras student suicide family complaint against family

We use cookies to give you the best possible experience. Learn more