ഫാത്തിമ ലത്തീഫിന്റെ മരണം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലെന്ന് ഐ.ഐ.ടി മദ്രാസിന്റെ റിപ്പോര്‍ട്ട് ; അധ്യാപകര്‍ക്ക് ക്ലീന്‍ ചീറ്റ്
Fathima Latheef Death
ഫാത്തിമ ലത്തീഫിന്റെ മരണം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലെന്ന് ഐ.ഐ.ടി മദ്രാസിന്റെ റിപ്പോര്‍ട്ട് ; അധ്യാപകര്‍ക്ക് ക്ലീന്‍ ചീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2020, 3:38 pm

ചെന്നൈ: മലയാളിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് ഐ.ഐ.ടി മദ്രാസിന്റെ റിപ്പോര്‍ട്ട്. ഐ.ഐ.ടിയിലെ ആഭ്യന്തര അന്വേഷണ കമ്മറ്റിയാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.

നന്നായി പഠിക്കുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍ വലിയ രീതിയില്‍ മാര്‍ക്ക് കുറഞ്ഞെന്നും ഇതിന്റെ മനോവിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസും സി.ബി.ഐയും അധ്യാപകരെ ചോദ്യം ചെയ്തതെന്നും അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം അധ്യാപകര്‍ക്കെതിരെ ഉയര്‍ന്ന് ജാതി അധിക്ഷേപ ആരോപണത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ ഒരിടത്തും പരാമര്‍ശമില്ല. അധ്യാപകര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ 27 നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നറിയിച്ചിരുന്നു.

ഇതോടനുബന്ധിച്ച് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിങ്ങുമായി കൊച്ചിയില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ ഫാത്തിമയുടെ കേസ് വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായി പുരോഗതിയുണ്ടായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബര്‍ എട്ടിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരുടെ പേരും ചേര്‍ത്തായിരുന്നു ഫാത്തിമയുടെ ആത്മഹത്യകുറിപ്പ്.

DoolNews Video