ചെന്നൈ: ഐ.ഐ.ടി മദ്രാസില്‍ ദളിത്-മുസ്‌ലീം വിദ്യാര്‍ത്ഥിക്ക് നേരെ നടക്കുന്ന വിവേചനം തുറന്ന് പറഞ്ഞ് മദ്രാസ് ഐ.ഐ.ടിയിലെ മുന്‍ ഗണിത ശാസ്ത്ര അധ്യാപിക പൊഫ. വസന്ത കന്തസാമി.
ഐ.ഐ.ടിയില്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ നല്‍കുന്നത് അധ്യാപകരാണെന്നും ദളിതുകള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇന്റേണല്‍ മാര്‍ക്കുകള്‍ മനപൂര്‍വം കുറയ്ക്കുകയാണെന്നും സവര്‍ണാധിപത്യമാണ് അവിടെയൊക്കെ കാണാന്‍ കഴിയുന്നതെന്നും ഇവര്‍ ‘നക്കീരന്‍’ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് യാതാരു പരിഗണനയും അവിടെ ലഭിക്കില്ല. ഭരണഘടനയ്ക്കും നിയമത്തിനും അതീതമായാണ് ഐ.ഐ.ടി സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നത്. റിസര്‍വേഷന്‍ പോലും കൊടുക്കുന്നില്ല. ജാതിക്കോട്ടയാണ് അവിടം.
ഇരുപത്തിയെട്ടു വര്‍ഷത്തെ തന്റെ സര്‍വീസിനിടയില്‍ ഐ.ഐ.ടിയില്‍ എം.എസ്.സിക്ക് വന്നത് പത്തില്‍ താഴെ മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. മുസ്‌ലീങ്ങളെ സംബന്ധിച്ച് ഐ.ഐ.ടിയിലെ പഠനം അതിജീവിക്കുകയെന്നത് കഠിനമാണ്. – വസന്ത കന്തസാമി പറഞ്ഞു.
ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിലും ഇവര്‍ നിലപാട് വ്യക്തമാക്കി.
ഫാത്തിമയുടേത് ആത്മഹത്യ എന്ന് വിളിക്കരുതെന്നും അത് ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍’ ആണെന്നുമായിരുന്നു വസന്ത കന്തസാമി പറഞ്ഞത്.
”പഠനത്തില്‍ പിന്നിലായതുകൊണ്ടാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന് വിശ്വസിക്കാനാവില്ല. റാങ്ക് ഹോള്‍ഡര്‍ ആയിരുന്നു ആ കുട്ടി. മികച്ച വിദ്യാര്‍ത്ഥിനി ആണെന്ന് അധ്യാപകര്‍ പോലും സാക്ഷ്യപ്പെടുത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദളിത്-ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് തയ്യാറാക്കുന്ന റിസര്‍ച്ച് തീസിസുകള്‍ പോലും സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തുകൊടുക്കുന്ന രീതി അവിടെയുണ്ട്. ഐ.ഐ.ടി മദ്രാസ് എന്തുകൊണ്ടാണ് ഗവേഷണ പ്രബന്ധങ്ങള്‍ പരസ്യമാക്കാത്തത്?
ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ മുറി ലഭിക്കാന്‍ പോലും പ്രായസമാണ്. ‘മനു’വിന്റെ നിയമങ്ങളാണ് അവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. സ്ത്രീകളും ദളിതരും വിദ്യ അഭ്യസിക്കരുതെന്നാണല്ലോ പറയുന്നത്.
ക്വാളിഫിക്കേഷന്‍ ഉണ്ടായിട്ടുപോലും ദളിത് അധ്യാപകര്‍ക്ക് പ്രൊഫസര്‍ഷിപ്പ് പോലും കൊടുക്കില്ല. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം ജയിലിലടക്കണം” – പ്രൊഫ. വസന്ത കന്തസാമി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ